മാധവനും വിജയ്സേതുപതിയും തകര്‍ത്തഭിനയിച്ച വിക്രം വേദ തമിഴ്നാട്ടിലും കേരളത്തിലും വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതമായിരുന്നു ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്.  അത്രയധികം ജനപ്രീതി നേടിയ  ബി.ജി.എം ഒരുക്കിയത് മലയാളിയായ സി.എസ്.സാം ആണ്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ എന്‍ട്രിയടക്കം എല്ലാവരും കൊണ്ടാടിയ രംഗങ്ങള്‍ ഏറെ. പറഞ്ഞുവരുന്നത് വിക്രം വേദയെ കുറിച്ചല്ല. മോഹന്‍ലാല്‍ ചിത്രമായ ഒടിയനെ കുറിച്ചാണ്. അതേ, സാം ആണ് ഒടിയന്‍റെ പശ്ചാത്തല സംഗീതം. മോഹന്‍ലാലിന്‍റെ എന്‍ട്രിക്കടക്കം പ്രത്യേക തീം മ്യൂസിക്കാണ് ഒരുക്കുന്നത്. തന്‍റെ ആദ്യ മലയാള ചിത്രമായ ഒടിയന്‍റെ വിശേഷങ്ങള്‍ മനോരമ ന്യൂസ് ‍ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സാം.

 

രാജ്യാന്ത നിലവാരത്തില്‍ ബി.ജി.എം 

 

പുതുമകളും പരീക്ഷണങ്ങളും നിറഞ്ഞ വലിയ ചിത്രമാണ് ഒടിയന്‍. ബി.ജി.എമ്മിന് ഏറെ പ്രാധാന്യമുള്ള ചിത്രം. വിക്രം വേദ കണ്ടിഷ്ട്ടപ്പെട്ടാണ്  ശ്രീകുമാര്‍ മേനോന്‍ സമീപിക്കുന്നത്. മലയാള സിനിമകളില്‍ പരീക്ഷിച്ചിട്ടില്ലാത്ത പ്രത്യേകതകള്‍ നിറഞ്ഞ പശ്ചാത്തലം സംഗീതമായിരിക്കും ഒടിയനിലേത്. സ്ക്രിപ്റ്റിനനുസരിച്ച് ബി.ജി.എം തയ്യാറാക്കിയതിന് ശേഷമാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഏറെ പ്രതീക്ഷയിലാണ്. നാല് തീം മ്യൂസിക്കും ഒടിയനുവേണ്ടി തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും മികച്ചത് പുറത്തിറങ്ങും. വളരെ സമയമെടുത്താണ് ഒടിയന് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

 

മോഹന്‍ലാലിന്‍റെ പ്രശംസ

 

ഒടിയന്‍റെ ലൊക്കേഷനില്‍ പോയി ലാലേട്ടനുമായി സംസാരിച്ചു. വിക്രം വേദ കണ്ടെന്നും പശ്ചാത്തല സംഗീതം ഏറെ ഇഷടമായെന്നും പറഞ്ഞു.  ഏറ്റവും മികച്ച ബി.ജി.എം ഒരുക്കണമെന്ന പ്രോത്സാഹനമാണ് ലാലേട്ടന്‍ ആദ്യം തന്നത്. അത് വലിയ ഊര്‍ജ്ജമായിരുന്നു. അതുകൊണ്ട് തന്നെ ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ആദ്യ ചിത്രം ലാലേട്ടനോപ്പമായത് ഭാഗ്യമെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ മലയാള ചിത്രങ്ങളിലേക്ക് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, എല്ലാം ഒടിയന് ശേഷം മാത്രം.

 

മൂന്നാര്‍ സ്വദേശിയായ സാം ഡിഗ്രി പഠന ശേഷം ചെന്നൈയില്‍ എത്തി എം.സി.എ പൂര്‍ത്തിയാക്കി. പതിയെ സിനിമയിലേക്ക്. വിക്രം വേദയാണ് മാറ്റത്തിന്‍റെ വാതിലുകള്‍ തുറന്നത്. ഇപ്പോള്‍ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി ഇരുപതോളം ചിത്രങ്ങള്‍ തേടിവന്നു. അങ്ങനെ തിരക്കില്‍ നിന്ന് തിരക്കിലേക്കോടുകയാണ് ഈ യുവ സംഗീത സംവിധായകന്‍. 

 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. അതില്‍, സാം പശ്ചാത്തല സംഗീതമൊരുക്കുന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.