salamkarasery

മറ്റു പലര്‍ക്കും അറിയാത്ത ബന്ധം ഞാനും സലാം കാരശേരിയും തമ്മിലുണ്ട്. അദ്ദേഹം നിര്‍മിച്ച സംഘഗാനം എന്ന ചിത്രത്തില്‍ ഞാന്‍ പ്രധാന വേഷക്കാരനായി എന്നുള്ളത് കൊണ്ടുള്ള ബന്ധമല്ല അത്. അതിനുമുന്‍പ് പഴശിരാജ എന്‍.എസ്.എസ്. കോളജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം തന്നെ അവിടുത്തെ ഏറ്റവും നല്ല നടനായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് ഞാന്‍ അഭിനയിച്ച നാടകം എഴുതിയത് സലാം കാരശേരിയായിരുന്നു.

പിന്നീട് അതേ നാടകം കോഴിക്കോട് യൂനിവേഴ്സിറ്റി എ സോണ്‍ കലോല്‍സവത്തിലും ഏറ്റവും നല്ല നടന്റെ അംഗീകാരം എനിക്ക് നേടിത്തന്നു. അന്ന് സലാം കാരശ്ശേരി ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും അഭിനിയ രംഗത്തേക്ക് വരാനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനമായി മാറിയ ആ നാടകവും നാടകകൃത്തും ഒരു കടപ്പാടായി, കാണാച്ചരടിനാല്‍ ബന്ധിക്കപ്പെട്ട ഒരു സ്നേഹമായി എന്നും ഇന്നും മനസ്സിലുണ്ട്. 

സംഘഗാനത്തിന്റെ ചിത്രീകരണ സമയത്ത് ഇക്കാര്യം അദ്ദേഹത്തോട് ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു. എന്റെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്നേഹം വാല്‍സല്യമായി പിന്നീട് അദ്ദേഹം എനിക്ക് തിരിച്ചുതന്നു. സവിശേഷമെന്ന് അദ്ദേഹത്തിന് തോന്നുന്ന എന്തെങ്കിലും സിനിമാ പ്രവര്‍ത്തനങ്ങള്‍ എന്റേതായി ഉണ്ടായാല്‍ അദ്ദേഹത്തിന്റെ സന്തോഷം എപ്പോഴും എന്നെ അറിയിക്കാറുണ്ടായിരുന്നു. 

salam

നിര്‍മാതാവായ സലാം കാരശ്ശേരി ഒരു സിനിമാ കച്ചവടക്കാരന്‍ ആയിരുന്നില്ല. കലാകാരന്‍മാരോടുള്ള സ്നേഹാദരങ്ങളാണ് അദ്ദേഹം നിര്‍മിച്ച സിനിമകള്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്തിനും ഏതിനും അദ്ദേഹത്തിന് സ്വന്തമായ പാതയുണ്ടായിരുന്നു. 

പ്രതികരണശേഷിയുള്ള ഒരു ഹൃദയമുണ്ടായിരുന്നു അദ്ദേഹത്തിന്. ആ ഹൃദയം നിറയെ സ്നേഹമുണ്ടായിരുന്നു. 

*******

സലാം കാരശ്ശേരി, ജീവിതരേഖ: നിര്‍മാതാവും എഴുത്തുകാരനും നടനുമായ സലാം കാരശ്ശേരി 1941 ജനുവരി രണ്ടിനാണ് ജനിച്ചത്. നവധാര മൂവി മേക്കേഴ്സിന്റെ പേരില്‍ അദ്ദേഹം നിര്‍മിച്ച മിക്ക സിനിമകളും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്കാരങ്ങള്‍ നേടി. പ്രധാന സിനിമകള്‍: ചുഴി 1973, ക്രിമിനല്‍സ് 1975, ചുവന്ന വിത്തുകള്‍ 1977, സംഘഗാനം 1979, പതിനാലാം രാവ് 1979, നൂറ്റാണ്ടിന്റെ സാക്ഷി 1992, ഓര്‍മകളുണ്ടായിരിക്കണം 1995.

പ്രധാന പുസ്തകങ്ങള്‍: വൈരൂപ്യങ്ങള്‍ (നാടകം), വിഷവിത്ത് (നാചകം), വീഞ്ഞ് (നോവല്‍), സിനിമ (പഠനം), ഇന്ത്യന്‍ സിനിമ (പഠനം), സിനിമാലോചന(പഠനം), കാഴ്ച (ആത്മകഥ).

1999 നവംബര്‍ 28ന് മരണം.

salam