ആഴ്ചകള്‍ മാത്രം മുന്‍പ് കണ്ടപ്പോള്‍ മനോരമ ന്യൂസ് മൈക്കിന് മുന്നില്‍ വാസന്തി ഇങ്ങനെ പറഞ്ഞു: ൈദവം ഇവിടെ വരെ എന്നെ എത്തിച്ചു. ഇനിയും കൈവിടില്ലെന്ന് ഉറപ്പുണ്ട്. ഞാൻ ഇനിയും അഭിനയിക്കും. പിച്ചയെടുക്കുന്ന വേഷമായാലും മതി, ഞാൻ അഭിനയിക്കും.

 

അഭിനിയിക്കാനുള്ള അടങ്ങാത്ത അഭിനിവേശം അത്രയേറെയായിരുന്നു ആ മനസ്സില്‍. അത്രതന്നെ ശുഭാപ്തി വിശ്വാസവും. എപ്പോഴും നിറഞ്ഞ ചിരി ആ മുഖത്തു തെളിഞ്ഞുകണ്ടു. അർബുദത്തെ പുഞ്ചിരിക്കൊണ്ട് തോൽപ്പിക്കാനാകുമോ എന്ന് സംശയിക്കുന്നവർക്കുള്ള മറുപടിയായിരുന്നു തൊടുപുഴ വാസന്തിയെന്ന കലാകാരി. തൊണ്ടയിൽ കാൻസർ വരിഞ്ഞുമുറുക്കിയിട്ടും കാലുകളിലൊന്ന് മുറിച്ചു മാറ്റിയിട്ടും വാസന്തി കീഴടങ്ങാൻ  തയ്യാറായില്ല. കൈവിടാത്ത കുടുംബാംഗങ്ങളുടെ തണലിൽ അഭിനയലോകത്തേക്ക് മടങ്ങാനൊരുങ്ങി അവര്‍, പക്ഷേ...  

 

നാല് ചുമരുകൾക്കുള്ളിലേക്ക് തൊടുപുഴ വാസന്തിയുടെ ജീവിതം ചുരുങ്ങുന്നത് ഒരുവർഷം മുമ്പാണ്. പല്ലുവേദനയിൽ തുടങ്ങിയ രോഗലക്ഷണങ്ങൾ പിന്നീട് തൊണ്ടയിൽ കാൻസറെന്ന് സ്ഥിരീകരിച്ചു. ചികിത്സകൾ പുരോഗമിക്കുന്നതിനിടെ പ്രമേഹം മൂർച്ഛിച്ച് കാലുകളിൽ ഒന്ന് മുറിച്ചുമാറ്റി. രണ്ടാഴ്ചകൂടുമ്പോൾ റേഡിയേഷൻ, ഭക്ഷണം ട്യൂബിലൂടെ മാത്രം. അങ്ങനെ വേദനകൾ ഒരുപാടുണ്ടായിരുന്നു. പക്ഷെ തളരാനും കണ്ണീർപൊഴിക്കാനും വാസന്തി തയ്യാറായില്ല.    വാസന്തിയുടെ പിതാവിന്റെയും ഭർത്താവിന്റെയും ജീവൻ കവർന്നതും കാൻസറായിരുന്നു. ഏഴ് ലക്ഷത്തിലേറെ രൂപ വാസന്തിയുടെ ചികിത്സയ്ക്കായി ചെലവായിരുന്നു. 

അന്നത്തെ വീഡിയോ സ്റ്റോറി കാണാം.