thoppil-bhasi

അനശ്വര നാടകകാരന്‍ തോപ്പില്‍ഭാസിയുടെ ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. ജീവിത തിരശീലവീണിട്ട് രണ്ടരപതിറ്റാണ്ടാകുമ്പോഴും തോപ്പില്‍ ഭാസിയുടെ ശൂന്യത മലയാള നാടകവേദിയുടെ തീരാനഷ്ടമായി തുടരുന്നു. കലയുടെ രാഷ്ട്രീയമാനവും സാമൂഹിക ചാലകശേഷിയും ഭാസിയോളം കാട്ടിത്തന്ന മറ്റൊരാളെ കേരളം കണ്ടിട്ടില്ല. 

കരുത്തുറ്റ രാഷ്ട്രീയ നിലപാടിന്റെ ഭൂമിക സമ്മാനിച്ച ഒളിയിടങ്ങളില്‍വച്ചാണ് തോപ്പിൽ ഭാസ്കരപിള്ള നാമറിയുന്ന തോപ്പില്‍ഭാസിയായത്. ശൂരനാട് സമരത്തിലെ പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ക്കഴിഞ്ഞകാലത്തെ അനുഭവങ്ങള്‍ ഒന്നല്ല ഒരുപാട് വേഷപ്പകര്‍ച്ചകളിലേക്ക് അദ്ദേഹത്തെക്കൊണ്ടെത്തിച്ചു. എഴുത്തിന്റെ വഴിയിടങ്ങളിലേക്ക് ചുവടുവച്ചത് അന്ന് സോമന്‍ എന്ന കള്ളപ്പേരിലെഴുതിയ 'വെളിച്ചത്തിലേക്ക്' എന്ന ചെറുകഥയിലൂടെ. പിന്നെ നാടറിഞ്ഞതല്ല, നാടിനെ അറിഞ്ഞ, അതിന്റെ ചരിത്രത്തെ മാറ്റിമറിച്ച നാടകക്കാരനായി.

അനുഭവത്തിന്റെ പഞ്ചാഗ്നിയിൽ നാടകത്തിന്റെ അരങ്ങ് വേവിച്ചെടുത്ത നാടകകൃത്ത് ആയിരുന്നു ഭാസി. അതുകൊണ്ടുതന്നെ അരങ്ങിൽ നിന്ന് എന്നേക്കുമായി മാറിനിന്നു ഒരു ജീവിതവുമുണ്ടായില്ല.കെ.പി.എ.സിയിലൂടെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്തെ ഉഴുതുമറിച്ച് നാടകത്തിന്റെ കരുത്ത് കാട്ടിത്തന്നു അദ്ദേഹം. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ഒറ്റനാടകം മതി അതിന് തെളിവായി. 

മുടിയനായ പുത്രൻ, അശ്വമേഥം, സർവേക്കല്ല്, യുദ്ധകാണ്ഡം,ശരശയ്യ, തുലാഭാരം, പുതിയ ആകാശം പുതിയ ഭൂമി. എന്നിങ്ങനെ നീളുന്നു ഒരുകാലഘട്ടത്തിന്റെ പരിശ്ചേദങ്ങളായ തോപ്പിൽ ഭാസിയുടെ തൂലിക അനശ്വരമാക്കിയ നാടകങ്ങളുടെ നിര. മലയാളത്തിന്റെ ആത്മകഥാശാഖയില്‍ എക്കാലത്തെയും തലയെടുപ്പോടെ നിലകൊള്ളുന്ന 'ഒളിവിലെ ഓര്‍മകള്‍' ഒരുകാലഘട്ടത്തിന്റെ തന്നെ രാഷ്ട്രീയചരിത്രപാഠമാണ്. മുടിയനായ പുത്രൻ' തിരക്കഥയാക്കിക്കൊണ്ട് 1961 ലാണു സിനിമയിലേക്കുള്ള കടന്നുവരവ്. 

അതു വിജയിച്ചതോടെ അദ്ദേഹത്തിന്റെ 11 നാടകങ്ങൾ തുടർച്ചയായി സിനിമയായി. 1970 ൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' സംവിധാനം ചെയ്തുകൊണ്ടു സിനിമാ സംവിധാനത്തിലും വിജയമുദ്ര പതിപ്പിച്ചു. പതിനാല് സിനിമകളുടെ സംവിധായകനായി. കാല്‍നൂറ്റാണ്ട് തൊടുന്ന അസാന്നിധ്യത്തിനിടിയിലും തോപ്പില്‍ഭാസിയുടെ ഓര്‍മകള്‍ മലയാളിയില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ തന്നെയാണ് അദ്ദേഹം ആരായിരുന്നു എന്നതിനുള്ള ഉത്തരവും.