'ആട് ഒരു ഭീകര ജീവിയല്ല' എന്ന മിഥുൻ മാനുവൽ ചിത്രം ആരാധകരെ കുറച്ചൊന്നുമല്ല ഇളക്കി മറിച്ചത്. തീയറ്ററിൽ ചിത്രം പരാജയപ്പെട്ടെങ്കിലും ഷാജി പാപ്പനേയും പിങ്കി ആടിനേയും മലയാളികൾ ഏറെ സ്നേഹിച്ചു. ഷാജി പാപ്പൻ സ്റ്റൈൽ വരെ ഉണ്ടായി. ആ ഒരു പ്രതീക്ഷയാകണം ആടിന്റെ രണ്ടാംഭാഗമെടുക്കാൻ സംവിധായകനെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആട് 2 ലെ നായിക നസ്രിൻ സിനിമയുടെ വിശേഷങ്ങൾ മനോരമന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു. 

എങ്ങനെ ഇൗ സിനിമയിൽ എത്തി? 

എന്റെ ഫേസ്ബുക്ക് ഫോട്ടോകൾ കണ്ട് സിനിമയുടെ നിർമാതാവ് വിജയ് ബാബു അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. പിന്നീട് ഒാഡീഷനിൽ പങ്കെടുക്കാൻ പറഞ്ഞു, സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുമുമ്പ് ചില സിനിമകളിൽ ‍ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നെ മഴവിൽ മനോരമയിലെ ഇന്ത്യൻ വോയ്സ് ജൂനിയറിലെ അവതാരക ആയിരുന്നു. അതിനുശേഷം കുറച്ച് പരസ്യ ചിത്രങ്ങൾ ചെയ്തു. ആട് സിനിമയിലൂട ശരിക്കും രണ്ടാം വരവാണെന്ന് പറയാം. ഇങ്ങനെ ഒരു നിലാപക്ഷി, സിഐഡി മഹാദേവൻ, തുടങ്ങിയ ചിത്രങ്ങളിലാണ് അന്ന് അഭിനയിച്ചത്. 

ആദ്യ ഭാഗം തീയറ്ററുകളിൽ വിജയമായിരുന്നില്ല, ക്ഷണം സ്വീകരിക്കാൻ മടിയുണ്ടായിരുന്നില്ലേ? 

സിനിമയെക്കുറിച്ച് ആദ്യം നെഗറ്റീവ് റിവ്യൂകളാണ് കേട്ടത്. അതുകൊണ്ടു തന്നെ തീയറ്ററിൽ പോയി കണ്ടിരുന്നില്ല. പിന്നീട് ടിവിയിൽ വന്നപ്പോഴാണ് ചിത്രം കാണുന്നത്. എന്തുകൊണ്ടാണ് ഇല്ലാക്കഥകൾ പോലെ ആളുകൾ‍ അന്ന് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന് തോന്നിപ്പോയി. എനിക്കും കുടുംബത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ മിഥുൻ മാനുവലിനെപ്പോലെ നല്ലൊരു സംവിധായകന്റെ കീഴിൽ ജോലിചെയ്യാം. ജയസൂര്യയോടൊപ്പം അഭിനയിക്കാം., വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് പ്രൊഡക്ഷൻ. 

ആടിനെയാണ് ആളുകൾ നായികയായി കാണുന്നത്, കഥാപാത്രത്തെക്കുറിച്ച്? 

സ്റ്റെല്ല എന്നാണ് കഥാപാത്രത്തിന്റെ പേര്. പാപ്പന്റെ കാമുകി. ഒരു നാടൻ പെൺകുട്ടി. ഭർത്താവിനെക്കുറിച്ച് സങ്കൽപങ്ങളുള്ള ഒരു പെൺകുട്ടി. പാപ്പനുമായി കയ്യും കലാശവും കാണിക്കുന്ന പെൺകുട്ടിയാണ്. സിനിമ ഫുൾ കോമഡിയായിരിക്കും. തലച്ചോറ് പുറത്തുവച്ച് വേണം സിനിമ കാണാൻ വരാൻ. 

സത്യത്തിൽ ഇൗ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ജനവരിയിൽ തുടങ്ങേണ്ടതായിരുന്നു. ചില കാരണങ്ങളാൽ നീണ്ടുപോയി. അപ്പോഴും സ്റ്റെല്ല എന്ന കഥാപാത്രത്തെ തീരുമാനിച്ചിരുന്നില്ല. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് എന്നെ സിനിമയിലേക്ക് നിശ്ചയിക്കുന്നത്. അതൊരു ഭാഗ്യമായി കാണുന്നു. 

ജയസൂര്യയെക്കുറിച്ച്? 

ശരിക്കും ആദ്യമെനിക്ക് പേടി ഉണ്ടായിരുന്നു, ഇത്രയും സീനിയറായ ഒരാളെ എങ്ങനെ മാനേജ് ചെയ്യുമെന്നോർത്ത്. അതുകൊണ്ട് ഞാൻ പേടിച്ച് മാറി നിൽക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങോട്ട് വന്ന് കൈ തന്ന് പരിചയപ്പെടുന്നത്. മുമ്പേ പരിചയമുള്ള ഒരാളെപ്പോലെയായിരുന്നു ജയസൂര്യച്ചേട്ടന്റെ സംസാരം. അതോടെ ഞാൻ കംഫർട്ടബിളായി. 

ട്രെയിലറിൽ പിങ്കി ആടിനെ കാണാനില്ലല്ലോ? 

പിങ്കിയെ സർപ്രൈസായി ഒളിപ്പിച്ച് വച്ചിരിക്കുകയാണ്. സിനിമ കണ്ടാലെ അത് മനസിലാകൂ. അതുകൊണ്ട് പിങ്കിയെ ഒരു പോസ്റ്ററിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. അത് സംവിധായകന്റെ തീരുമാനമാണ്. 

ഷാജിപാപ്പന്റെ മുണ്ടൊക്കെ ഹിറ്റാണല്ലോ? 

സരിത ജയസൂര്യയാണ് ഡിസൈൻ ചെയ്തത്. ഡബിൾ ഷെയ്ഡ് മുണ്ടാണ്. അത് എല്ലാവർക്കും ഇഷ്ടമായി. ഇപ്പോൾ കടകളിലൊക്കെ ആട് മുണ്ട് എന്ന പേരിൽ വിൽക്കാൻ ഇട്ടിരിക്കുന്നത് കാണാം. സിനിമയുടെ കഥകേട്ടപ്പോൾ സരിത ചേച്ചി ഞാനൊന്നു പരീക്ഷിച്ചു നോക്കാം എന്ന് പറഞ്ഞ് ചെയ്തതാണ്. കണ്ടപ്പോൾ എല്ലാർക്കും ഇഷ്ടമായി. സിനിമയിലെ എന്റെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറാണ്. 

വീട്, പഠനം? 

വീട് ആലുവയിലാണ്. ഇപ്പോൾ എംസിഎകഴിഞ്ഞു. സിനിമയിൽ തുടരണമെന്നാണാഗ്രഹം. ഗബ്രി എന്ന അടുത്ത ചിത്രം ജയസൂര്യച്ചേട്ടനോടൊപ്പം തന്നെയാണ്.