കസബ വിഷയത്തിൽ നിലപാടെടുത്തതിന് പാർവതിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളുടെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയിൽ പാർവതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ പാട്ടുകൾ പുറത്തുവന്നപ്പോൾ അതിന് ഡിസ്‌ലൈക്കടിച്ചും ഒരുവിഭാഗം പ്രതിരോധിച്ചു. എന്നാൽ, ഇപ്പോൾ വാർത്തയാകുന്നത് മറ്റൊരു പിന്തുണയാണ്. കസബ വിവാദത്തിൽ പാർവതിക്കെതിരെ നിലപാടെടുത്ത ജൂഡ് ആന്റണി, പാർവതിയുടെ പുതിയ സിനിമയായ മൈ സ്റ്റോറിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടു. സൈബർ ആക്രമണത്തെ കാടത്തമെന്ന് വിശേഷിപ്പിച്ചാണ് ജൂഡ് ആന്റണി ഫെയ്സ്ബുക്കിൽ അഭിപ്രായം പങ്കുവച്ചത്.
ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോർട്ട് സിനിമ, എന്നാണ് ജൂഡിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സർക്കസ് മുതലാളിയുടെ കഥ പറഞ്ഞ് പാർവതിക്കെതിരെ ഫേസ്ബുക്കിൽ പരോക്ഷമായ ജൂഡ് നടത്തിയ വിമര്‍ശനം വലിയ ഒച്ചപ്പാടുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പാർവതി അന്ന് പ്രതികരിച്ചത്. സൈബർ ആക്രമണത്തിനെതിരെ പാർവതി പൊലീസിൽ നൽകിയ പരാതിയിൽ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു.
മൈ സ്റ്റോറിയിലെ പാട്ടിനെ ട്രോളര്‍മാരും ഏറ്റെടുത്തിരിക്കുകയാണ്. ഡിസ്‌ലൈക്കുകള്‍ അറുപതിനായിരവും കടന്ന് കുതിക്കുമ്പോള്‍ പാട്ട് കണ്ടവരുടെ എണ്ണവും കുതിക്കുകയാണ്.