ജയറാമിന്റെ മകൻ കാളിദാസൻ നായകാനാകുന്ന പൂമരം സിനിമ റിലീസ് ചെയ്യാൻ മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകുറേയായി. സിനിമയിലെ പൂമരം എന്ന പാട്ട് ഹിറ്റാകുകയും കാളിദാസനെ പ്രേക്ഷകർ നെഞ്ചേറ്റുകയും ചെയ്തു. എന്നാൽ സിനിമ മാത്രം റിലീസായില്ല. കഴിഞ്ഞ ക്രിസ്മസിന് പടം റിലീസാകുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും പല സാങ്കേതിക കാരണങ്ങൾ കൊണ്ട് പടം നീണ്ടു പോയി. 

 

ഇതിനിടയിൽ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തു. മലയാളിയുടെ കാത്തിരിപ്പ് ഇന്നും തുടരുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമ നീണ്ടു പോയതോടെ കാളിദാസനെ കളിയാക്കി ട്രോളുകളും ഇറങ്ങി. പൂമരം പാട്ടിന് ഒരുവയസായപ്പോഴും ട്രോളിറങ്ങി. അതെല്ലാംകാളിദാസൻ തമാശയോടയാണ് കണ്ടത്. സിനിമയിറങ്ങാതെ പാട്ടിറങ്ങി ഒരുവർഷം തികച്ചുവെന്നാണ് അന്ന് ട്രോൾ വന്നത്. 

 

സിനിമയിലേക്കില്ലന്ന് മടിച്ചു നിന്ന പ്രണവിന്റെ ചിത്രം ആദി കൂടി റിലീസായതോടെ ആരാധകരുടെ ക്ഷമകെട്ടു. ദുൽഖർ സൽമാൻ സൂപ്പർ താരമാകുകയും  പ്രണവും ഗോകുൽ സുരേഷ്ഗോപിയുമെല്ലാം സിനിമയിൽ പ്രവേശിക്കുകയും ചെയ്തതോടെ കാളിദാസന്റെ അവസ്ഥ പറഞ്ഞു കൊണ്ടുള്ള ട്രോൾ വീണ്ടും സജീവമാകുന്നു. 

 

ദൂൽഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പർ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോൾ കാളിദാസൻ ഇപ്പോഴും സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാളിദാസൻ തന്നെയാണ് ട്രോൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.