ഷഹബാസ് അമന് മികച്ച ഗായകനുളള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'മിഴിയിൽ നിന്നും..' എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഏറെ ഇഷ്ടപ്പെട്ട ഗാനത്തിന്റെ വിഡിയോ പതിപ്പിനു വേണ്ടി കാത്തിരിക്കുകയായിരുന്നു മായാനദിയുടെ ആരാധകർ. ആഷിക് അബു സംവിധാനം ചെയ്ത മായാനദിയിലെ ഗാനങ്ങൾ ചിത്രത്തിനൊപ്പം തന്നെ ഹിറ്റ് ചാർട്ടിലാണ്.
ഏറെ നിരൂപക പ്രശംസ നേടിയ ഗാനത്തിന് റെക്സ് വിജയന്റെതാണ് ഈണം. പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസും ഐശ്വര്യ ലക്ഷ്മിയും തന്നെയാണ് ഗാനരംഗത്തിലുമുള്ളത്. ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ വികാരതീവ്രമായ ഗാനത്തിന് മാറ്റു കൂട്ടുന്നതാണ്.
‘സെക്സ് ഇൗസ് നോട്ട് എ പ്രോമിസ്..’ എന്ന ഏറെ ചർച്ചയായ ഡയലോഗുൾപ്പെടുന്ന രംഗവും പാട്ടിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്. ഇറങ്ങിയ ദിവസം മുതൽ ആസ്വാദകരെ ആകർഷിച്ച ഗാനം ഹിന്ദുസ്ഥാനി – ഗസൽ ശൈലിയിലുള്ളതാണ്. ഷഹബാസ് അമന്റെ മധുരശബ്ദം കൂടിയാകുമ്പോൾ കേൾവിക്കാരെ മറ്റൊരു ലോകത്തേക്കു കൈ പിടിച്ചു കൊണ്ടു പോകും ഇൗ ഗാനം.