പെൺമക്കളെ അന്യനാട്ടിൽ വിദ്യാഭ്യാസത്തിനയച്ച് വേവലാതിയോടെ കാത്തിരിക്കുന്ന മലയാളി ഇടത്തരക്കാരുടെ കുടുംബം. അതിന്‍റെ വേവും ആധിയും ആവോളം നിറച്ച് ഒരു സിനിമ. കാലിക പ്രസക്തിയുള്ള ശക്തമായ കഥയുമായി ജോയിമാത്യു തിരിച്ചെത്തുകയാണ് ‘അങ്കിൾ’ എന്ന ചിത്രത്തിലൂടെ. ആറ് വർഷങ്ങൾക്ക് ശേഷം തിരക്കഥാകൃത്തെന്ന നിലയിലുള്ള മടങ്ങിവരവ് പ്രേക്ഷകരുടെ മനസിൽ പതിയണമെന്ന് ജോയ് മാത്യുവിന് നിർബന്ധമുണ്ട്.

അങ്കിൾ എന്ന ചിത്രത്തെക്കുറിച്ച് മനോരമന്യൂസ്ഡോട്ട്കോമിനോട് സംസാരിക്കുകയാണ് ജോയ് മാത്യു.

 

എന്താണ് ഇൗ സിനിമ പറയുന്നത്?

സിനിമയുടെ കഥാതന്തു പറയാൻ കഴിയില്ലല്ലോ? കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്നമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതിൽ ലൈംഗികത ഉണ്ട്, സ്ത്രീപുരുഷ സമത്വം ഉണ്ട്, സൗഹൃദം ഉണ്ട്, അണുകുടുംബങ്ങളിലെ പ്രശ്നങ്ങള്‍ ഉണ്ട്, കേരളത്തിലെ ഇന്നത്തെ പ്രശ്നങ്ങളെല്ലാം തന്നെ ചിത്രത്തിൽ ശക്തമായി കടന്നുവരുന്നുണ്ട്. ഒരു പ്രത്യേക സന്ദർഭത്തിലാണ് സിനിമയുടെ സ്പാർക്ക് എത്തുന്നത്. രണ്ട് വർഷം മുമ്പ് എന്റെ മകളുടെ ഒരു ഫോൺകോൾ ആണ് ഇൗ സിനിമയുടെ കഥയ്ക്കാധാരം. അവൾ പഠിക്കുന്നത് അങ്കമാലി എൻജിനീയറിങ് കോളജിലാണ്.  എറണാകുളത്തിന് പോകുമ്പോൾ അവളെ ഞാൻ കാറിൽ കൂട്ടി മടങ്ങാറുണ്ട്. ഒരു ദിവസം പറഞ്ഞിട്ടും അതിന് പറ്റിയില്ല. ഹോസ്റ്റലിൽ നിന്ന് എല്ലാവരും പോയിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ വരില്ല എന്ന് അവള്‍ അറിയുന്നത്. അവള്‍ക്കും എനിക്കും ആധിയായി. എന്റെ സുഹൃത്തുക്കൾ ആരെങ്കിലും ഈ വഴിക്ക് പോകുന്നുണ്ടോ എന്നവൾ എന്നോട് ചോദിച്ചു, ആ ഒരു ചോദ്യത്തിൽ നിന്നാണ് അങ്കിൾ എന്ന സിനിമ ഉണ്ടാകുന്നത്.  

എന്നാൽ, ചിത്രം ഇറങ്ങുന്ന അവസാന നിമിഷമെത്തിയപ്പോൾ കഥയ്ക്ക് അവകാശമുന്നയിച്ച് കുറേപ്പേർ രംഗത്തെത്തി. കഥയുടെ ടാഗ്‌ലൈനും മറ്റും കേട്ടാണ് ഇവർ അവകാശമുന്നയിക്കുന്നത്. ഇവർക്ക് സിനിമയുടെ കഥ പൂർണമായി പറയാൻ കഴിയുമോ എന്ന് ഞാനവരെ വെല്ലുവിളിക്കുന്നു. 

ഒരു കുട്ടി അച്ഛന്റെ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുമ്പോൾ അവൾക്കറിയില്ല അയാൾ എത്തരക്കാരനാണെന്ന്, പക്ഷെ അവളുടെ പിതാവിനറിയാം സുഹൃത്തിനെക്കുറിച്ച്. ഇനി ആ വണ്ടിയിൽ ‍മദ്യപിച്ച മറ്റൊരാൾ കയറിയാലോ? അന്യ സംസ്ഥാനത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികളാണ് നമ്മുടെ നാട്ടിലധികവും. അവരെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന മാതാപിതാക്കളും. അത്തരത്തിലൊരു കഥയാണ് അങ്കിള്‍ പറയുന്നത്.  

ഒരു കഥയുടെ പ്ലോട്ട് ഒൻപതുപേർക്കു വരെ ചിന്തിക്കാം. ഒരുവരിയിൽ നിന്നാണ് എന്റെ സിനിമയുടെ കഥ ഉണ്ടാകുന്നത്.  എന്റെ സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് പരസ്യമായി പറയട്ടെയെന്ന് കഥയ്ക്ക് അവകാശമുന്നയിക്കുന്നവരെ ഞാൻ വെല്ലുവിളിക്കുന്നു. അങ്കിളിന്റെ ട്രെയിലർ ഉൾപ്പെടെ എല്ലാമിറങ്ങിയ ശേഷമാണ് എനിക്ക് മെസേജുകൾ വരാൻ തുടങ്ങിയത്, ഈ കഥ ഞാൻ കോപ്പിയടിച്ചതാണെന്നാണ് വാദം. എല്ലാവർക്കും വേണ്ടത് പണം മാത്രം.

ട്രെയിലർ കണ്ടവർക്കെല്ലാം സംശയം മമ്മൂട്ടി വില്ലനാണോ എന്നാണ്?

എല്ലാ മനുഷ്യരും േനർരേഖയിലൂടെ സഞ്ചരിക്കുന്നവർ മാത്രമെല്ലെന്നതാണ് സത്യം. എല്ലാവരിലും നന്മയും തിന്മയും ഉണ്ട്. നന്മ മാത്രമുള്ളവർ ഇൗ ലോകത്തില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിലും മനുഷ്യന്റെ ചില പാളിച്ചകളൊക്കെ കാണും. ഒരു കാര്യം തറപ്പിച്ചു പറയാം. ഇതിൽ മമ്മൂക്ക മണ്ണിൽ നിന്ന് അഭിനയിക്കുകയാണ്. ഇതുപക്ഷെ യാഥാർഥ്യ ബോധമുള്ള ചിത്രമാണ്. സൂപ്പർ സ്റ്റാർ ഇമേജ് ഇതിൽ മുതലെടുത്തിട്ടില്ലെന്ന് ഹൃദയത്തിൽ തൊട്ട് പറയാൻ കഴിയും. 

മമ്മൂട്ടിയല്ലെങ്കിൽ ആരായിരുന്നു മനസിൽ?

മമ്മൂട്ടിയല്ലെങ്കിൽ ഞാന്‍ ആ വേഷം ചെയ്തേനെ. പക്ഷെ മമ്മൂക്ക അഭിനയിച്ചു കഴിഞ്ഞപ്പോൾ മനസിലായി ഞാൻ ‍ചെയ്താൽ ശരിയാകില്ലായിരുന്നുവെന്ന്. അദ്ദേഹത്തിന് സിനിമയോട് വല്ലാത്ത പാഷനാണ്. പുത്തൻ പണത്തിന്റെ സെറ്റിൽ വച്ചാണ് ഇൗ കഥ കൈമാറുന്നത്. കഥ കേട്ടപ്പോൾ മമ്മൂക്ക ഞാൻ ഇതിലെ കെകെ എന്ന കാഥാപാത്രം ചെയ്യാമെന്ന് ഇങ്ങോട്ട് പറയുകയായിരുന്നു. ഞാൻ പറഞ്ഞു, അത്ര വലിയ തുകയൊന്നും എന്റെ കയ്യിലില്ലെന്ന്. അതിന് ഞാൻ നിന്നോട് പണം ചോദിച്ചോ എന്നാണ് എന്നോട് തിരിച്ചു ചോദിച്ചത്.

പിന്നീട്, എന്റെ ഭാര്യയാണ് ഇദ്ദേഹത്തിന് സിനിമയ്ക്കുള്ള ചെക്ക് കൈമാറുന്നത്. അന്ന് ഞാൻ മമ്മൂക്കയോട് പറ‍ഞ്ഞു. ഇവളാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കുറച്ചു പണമൊക്കെ ഇവളുടെ പക്കലുണ്ട്., ചെക്ക് വാങ്ങണമെന്നു പറഞ്ഞു. അന്ന് മമ്മൂക്ക ഭാര്യയോട് പറഞ്ഞത്, ഇയാൾ കുറേ നാളായി തിരക്കഥ എന്നു പറഞ്ഞു നടക്കുന്നു, ആദ്യം ഇവന് എന്തെങ്കിലും കൊടുക്ക്, ആ തിരക്കഥ ഒന്ന് തീരട്ടെ, എന്നിട്ട് മതി എനിക്കെന്നാണ്. 

ചിത്രമിറങ്ങുമ്പോൾ നിർമാതാവ് എന്ന ടെൻഷൻ ഉണ്ടോ?

ഒരിക്കലും ഇല്ല. ഇൗ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്നുറപ്പാണ്. 100 കോടി ക്ലബിലെത്തുമെന്നൊന്നും അവകാശപ്പെടുന്നില്ല, എന്നാൽ ചിത്രം കണ്ടിട്ട് മോശമാണെന്ന് ആരും പറയില്ലെന്ന് എനിക്ക് 100 ശതമാനം വിശ്വാസമുണ്ട്. സിനിമയുടെ വിജയമെന്നാൽ ചിത്രം കണ്ടിട്ട് പ്രേക്ഷകർ നല്ലതാണെനന്് പറയണം, ഇനിയും ഇത്തരം ചിത്രങ്ങൾ എടുക്കാൻ എന്നോട് പറയണം , അതാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഷട്ടർ സിനിമയെഴുതാൻ ഞാൻ 10 വർഷം എടുത്തെങ്കിൽ ഇൗ സിനിമയ്ക്ക് വെറും 19 ദിവസമേ എടുത്തുള്ളൂ. ഒരു ആത്മീയമായ വെല്ലുവിളി ഉണ്ടായപ്പോഴാണ് ചിത്രം വേഗം എഴുതിത്തീർത്തത്. മറ്റ് ആറ് കഥകൾ ബാക്കിയിരിക്കുമ്പോഴാണ് ഇൗ കഥ മാത്രം പൂർത്തിയാക്കുന്നത്. 

ഷട്ടറിന് ശേഷം എഴുത്തിൽ നീണ്ട ഇടവേള?

ഷട്ടർ കഴിഞ്ഞ് ആറ് വർഷമായെങ്കിലും ഞാൻ വെറുതെ ഇരിക്കുകയായിരുന്നില്ല. 85–ാളം ചിത്രങ്ങൾ. അതിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അങ്ങനെ എല്ലാം പെടും. മൂന്നു പുസ്തകങ്ങൾ എഴുതി. അതിൽ ഒരു പുസ്തകത്തിന്റെ മൂന്ന് പതിപ്പുകൾ വരെ ഇറങ്ങി. പിന്നെ ഫെയ്സ്ബുക്കിലെ എഴുത്തും, അങ്ങനെ ഞാൻ വളരെ തിരക്കിലായിരുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റ്കൾക്ക് പിന്നിലെ  രാഷ്ട്രീയം?

എനിക്ക് പ്രതികരിക്കണമെന്നു തോന്നുമ്പോഴാണ് എഴുതുക. ഞാൻ എഴുതിയ കാര്യങ്ങൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ ആദ്യം ചർച്ചചെയ്യും. ആ ഗ്രൂപ്പിൽ രാഷ്ട്രീയക്കാരുണ്ട്, പത്രപ്രവർത്തകരുണ്ട്, വക്കീലന്മാരുണ്ട്, ഡോക്ടർമാരുണ്ട്, വളരെ സാധാരണക്കാരായവരുമുണ്ട്. സിനിമക്കാർ വളരെ കുറവാണ്. അതിനുശേഷമാണ് ഞാൻ ഫെയ്സ്ബുക്കിൽ പോസ്റ്റിടാറുള്ളത്. ജോയ്മാത്യു മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.