നായികാ നായകനെത്തേടിയുള്ള മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലാൽജോസാണ് ഷോയിലെ മുഖ്യ വിധികർത്താവ്. പരിപാടിയിൽ വിജയിക്കുന്നവർക്ക് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നായികയും നായകനും ആകാനുള്ള അവസരം ലഭിക്കും. പേളി മാണിയാണ് ഷോയുടെ അവതാരക. പരിപാടിയിൽ ഉൗർജം നിറച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള പേളിയുടെ കഴിവിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ, ഗസ്റ്റായെത്തി ഷോയെ മുഴുവൻ കയ്യിലെടുത്ത ഒരാളുടെ മുന്നിൽ അവതാരക പേളി മാണിയും പ്ലിങ് ആയിപ്പോയി. ഷോയുടെ അപരൻ റൗണ്ടിലെത്തിയ മട്ടാഞ്ചേരി സ്വദേശി ഡേവിഡ് എന്നയാളുടെ വാക്ചാതുര്യത്തിനു മുന്നിൽ പേളി ശരിക്കും ഒതുങ്ങിപ്പോയി.
പുതുമയാർന്ന മത്സരവിഭാഗങ്ങളാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നത്. അതിലൊരു റൗണ്ടാണ് അപരൻ. യഥാർഥ ജീവിതത്തിലെ ആരെെയങ്കിലും പുനരവതരിപ്പിക്കുക എന്നതാണ് അപരൻ റൗണ്ടിൽ മത്സരാർഥി ചെയ്യേണ്ടത്. ആളുകളെ പേടിപ്പിച്ച് രസിപ്പിച്ച് തന്റെ ഹോട്ടലിൽ വിളിച്ചു കയറ്റുന്ന ഡേവിഡിനെയാണ് അപരൻ റൗണ്ടിൽ ആഡിസ് ആന്റണി എന്ന മത്സരാർഥി തിരഞ്ഞെടുത്തത്. ഫോർട്ട് കൊച്ചിയിലാണ് ഡേവിഡിന്റെ കട.
അത്യുഗ്രനായി ഡേവിഡിെന അവതരിപ്പിച്ച ആഡിസിന്റെ പെർഫോമൻസ് മികച്ച അഭിപ്രായം രേഖപ്പെടുത്തി. അതിന് ശേഷം ഡേവിഡിന്റെ സ്വന്തം വിശേഷങ്ങൾ പരിപാടിയുടെ അവതാരകയായ പേളി മാണി ചോദിക്കുകയുണ്ടായി. വീട്ടിൽ ആരൊക്കെയുണ്ടെന്നായിരുന്നു പേളിയുടെ ചോദ്യം.
‘അച്ഛന്‍, അമ്മ, അനിയൻ പിന്നെ എന്റെയൊരു മോളുമുണ്ട്. ഒൻപത് മാസം, വെരി നോട്ടി ഗേൾ.’–ഡേവിഡ് പറഞ്ഞു. കൊച്ചുകുഞ്ഞുണ്ടെന്നറിഞ്ഞപ്പോൾ നോട്ടി ഗേളിന്റെ പേര് അറിയാൻ പേളിക്ക് തിടുക്കം. ഹണിയെന്നാണ് പേരെന്ന് ഡേവിഡ് പറഞ്ഞു. ‘ഹണി ബേബിക്ക് ഹായി’ എന്നു പേളി പറഞ്ഞതോടെയാണ് ഹണി എന്നത് ലാബ്രഡോര്‍ പട്ടിക്കുഞ്ഞ് ആണെന്നാണ് ഡേവിഡ് വെളിപ്പെടുത്തുന്നത്. നായികാ നായകൻ വേദിയിലെ ഏറ്റവും വലിയ പ്ലിങ് മൊമെന്റ് ആയിരുന്നു ഇതെന്ന് പേളി പറയുന്നു. ഇതുകൂടാതെ ഡേവിഡ് ചേട്ടനെ ഇവിടുന്ന് വിടാൻ തോന്നുന്നില്ല അത്രയ്ക്ക് എനർജിയാണെന്നു പറഞ്ഞപ്പോൾ എങ്കിൽ വീട്ടിലേക്ക് കൊണ്ടുപൊക്കോ എന്ന് മറുപടി പറയാനും ഡേവിഡ് മറന്നില്ല. നല്ലൊരു ഡാൻസർ കൂടിയാണ് ഡേവിഡ്.
താൻ മർച്ചന്റ് നേവിയിലെ ജീവനക്കാരനായിരുന്നുവെന്നുവെന്നും ഷിപ്പിൽ വച്ച് അപകടം പറ്റി കോമാസ്റ്റേജിലേക്കു പോയെന്നും അവിടെനിന്ന് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നുവെന്നും ഡേവിഡ് പറയുന്നു. എന്തായാലും ഡേവിഡിന്റെ വികൃതികൾ വിധികർത്താക്കൾക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമായി. ലാൽജോസ് ഇദ്ദേഹത്തിന് തന്റെ ചിത്രത്തിലേക്ക് പുതിയ വേഷവും വാഗ്ദാനം ചെയ്തു.