പ്രഖ്യാപിച്ചത് മുതൽ ആവേശത്തിര ഒരുക്കുകയാണ് ലൂസിഫർ. ഒട്ടേറെ പ്രത്യേകതകൾ കൊണ്ടും മോഹൻലാലിന്റെ  മാസ് ലുക്ക് കൊണ്ടും ചിത്രത്തിന്റെ ഒാരോ വിവരങ്ങളും ആരാധകർ ആഘോഷിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കാറിന്‍റെ ചിത്രമാണ് ഇതിൽ ഒന്നാമത്. കറുത്ത നിറമുള്ള അംബാസിഡർ ലാൻഡ് മാസ്റ്ററാണ് ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്നത്. 

666 എന്ന ചെകുത്താന്‍റെ നമ്പറുള്ള കാറിന്‍റെ ചിത്രം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ലൂസിഫറിന്‍റെ ചിത്രീകരണ വിഡിയോയുടെ ഭാഗം ലീക്കായതും ആകാംക്ഷയേറ്റി. മോഹൻലാലിന്റെ വിജയചിത്രമായ മാടമ്പിയിലും അദ്ദേഹത്തിന്റെ വാഹനവും കറുത്ത അംബസിഡറായിരുന്നു. മോഹൻലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തിൽ ഉടനീളം കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.  

മഞ്ജു വാരിയര്‍, മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ലൂസിഫറിൽ വില്ലൻ. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. വിവേകം എന്ന അജിത്ത് ചിത്രത്തിലൂടെ തമിഴിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുന്നു. 16 വർഷങ്ങൾക്കുശേഷമാണ് മോഹൻലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ കമ്പനിയിൽ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.