deepika-aishwarya

റാണി പത്മാവതിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ സഞ്ജയ് ലീലാ ബൻസാലി ചിത്രമായിരുന്നു പത്മാവത്. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ ശേഷമായിരുന്നു ചിത്രത്തിന്റെ റിലീസ്. സംവിധായകൻ‌ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധഭീഷണിയുമുണ്ടായിരുന്നു. 

എന്നാൽ ഈ ഭീഷണിയും വിവാദങ്ങളുമെല്ലാം ഐശ്വര്യാ റായി ആയിരുന്നു നേരിടേണ്ടിയിരുന്നത്. പത്മാവതിൽ ദീപികക്ക് പകരം ഐശ്വര്യയെ ആയിരുന്നത്രേ ബൻസാലി  നായികയായി നിശ്ചയിച്ചിരുന്നത്.

ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''പത്മാവതിൽ ഞാൻ അഭിനയിക്കണമെന്നായിരുന്നു ബൻസാലിക്ക്. എന്നാൽ എനിക്ക് പറ്റിയ ഖിൽജിയെ കണ്ടെത്താനായില്ല. അങ്ങനെ അത് നടക്കാതെ പോയി'', ഐശ്വര്യ പറഞ്ഞു.

''ഒരുമിച്ച് ഇനിയുമൊരു പ്രൊജക്ട് ചെയ്യണമെന്ന് ബൻസാലിക്കും എനിക്കും ആഗ്രഹമുണ്ട്. പക്ഷേ അത് നടന്നില്ല. നടക്കേണ്ട സമയത്ത് അത് നടക്കുമെന്നാണ് കരുതുന്നത്'', ഐശ്വര്യ പറഞ്ഞു. 

നേരത്തെ ബാജിറോവോ മസ്താനിയില്‍ ഐശ്വര്യയെയും സൽമാൻ ഖാനെയുമാണ് പ്രധാനകഥാപാത്രങ്ങളായി ബൻസാലി നിശ്ചയിച്ചത്. എന്നാൽ ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യം തടസ്സമായി. ദീപികയും രൺവീർ സിങ്ങുമാണ് ബാജിറാവോയിൽ വേഷമിട്ടത്. 

ബൻസാലിയുടെ ആദ്യകാലഹിറ്റുകളായ ഹം ദിൽ ദെ ചുകെ സനം, ദേവ്ദാസ് എന്നീ ചിത്രങ്ങളിൽ ‌ഐശ്വര്യ ആയിരുന്നു നായിക.