ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാരം ഇന്നലെ വിതരണം ചെയ്തത്. ചടങ്ങിനിടെ ചില നാടകീയ സംഭവങ്ങളും ഉണ്ടായി. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ നടന്‍ അലന്‍സിയര്‍ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് ആർക്കും മനസിലായില്ല. മുപ്പതു സെക്കന്‍ഡിനുള്ളിൽ ആ വെടിയുതിർക്കൽ അവസാനിക്കുകയും ചെയ്തു. തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
എന്നാൽ ഇത് പ്രതിഷേധമൊന്നുമല്ലെന്നാണ് അലൻസിയർ സംഘാടകരോട് പറഞ്ഞത്. വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതുപോലെ കാണിക്കുന്നത് മന്ത്രി ബാലൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണിച്ചു കൊടുത്തു. എന്നാൽ മുഖ്യമന്ത്രി അത് ആസ്വദിച്ച് ചിരിക്കുകയായിരുന്നു. ഇതോടെ സംഭവത്തിന്റെ ഗൗരവം കുറഞ്ഞു.
താൻ അവാർഡ് സമർപണ ചടങ്ങിൽ പങ്കെടുക്കുന്നതിന് എതിരെ ആരോപണം ഉന്നയിച്ചവർക്ക് ചുട്ട മറുപടി നൽകിയാണ് ലാലും പ്രസംഗിച്ചത്. മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് താൻ ജനിച്ചു വളർന്ന തിരുവനന്തപുരം നഗരത്തിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ആരുടേയും അനുവാദം ആവശ്യമില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ഇങ്ങനെ പ്രസംഗം മുന്നേറുന്നതിനിടയിലാണ് അലൻസിയറുടെ വെടിയുതിർക്കൽ. അലൻസിയറുടെ പ്രതിഷേധത്തില്‍ ലാലിന് അലോസരം ഉണ്ടായി എന്നത് മുഖഭാവത്തിൽ വ്യക്തം. ലാൽ അപ്പോഴേക്കും പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ പ്രസംഗം വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് കാണികൾ ഏറ്റെടുത്തത്. തീപ്പൊരി പ്രസംഗത്തെ പ്രകീർത്തിച്ച് ആരാധകരും രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലൻ, ഇ.ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, കെ.മുരളീധരൻ എംഎൽഎ, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ തുടങ്ങിയവർ വേദിയിലിരിക്കെയാണ് അലൻസിയറുടെ പ്രകടനം. കുറച്ചുസമയത്തിനു ശേഷം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഏറ്റു വാങ്ങാനായി വേദിയിലെത്തിപ്പോൾ മുഖ്യമന്ത്രി അലൻസിയറോട് തോക്കുപ്രയോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മറുപടി പറയാതെ ചിരിച്ചുകൊണ്ടായിരുന്നു അലൻസിയറുടെ നിൽപ്പ്.