സിനിമയിലെ സ്ത്രീവിരുദ്ധത ചർച്ചയാകുന്ന കാലത്താണ് സിനിമയിൽ താൻ എഴുതിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ പേരിൽ രഞ്ജി പണിക്കർ എന്ന കരുത്തനായ തിരക്കഥാകൃത്ത് മാപ്പ് പറഞ്ഞത്. സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ സംഭാഷണങ്ങൾ എഴുതുമ്പോൾ താൻ കരുതിയില്ലെന്ന് സ്ക്രീനിൽ കിട്ടുന്ന കയ്യടി മാത്രമായിരുന്നു മനസിലെന്നും രഞ്ജി പണിക്കർ തുറന്നു പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി.
അക്കാലത്ത് ആ സംഭാഷണങ്ങൾ കേട്ട് കയ്യടിച്ചവർക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നു. ഭാവിയിൽ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അത്തരം സംഭാഷണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും രഞ്ജി പണിക്കർ തുറന്നു പറഞ്ഞിരുന്നു. രഞ്ജി പണിക്കർ മാപ്പു പറഞ്ഞതിനു തൊട്ടു പിന്നാലെ പ്രസിദ്ധ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിലേയ്ക്കാണ് പ്രധാനമായും ഏവരുടെയും കണ്ണുകൾ നീണ്ടത്. ദേവാസുരം, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ താരാധിപത്യത്തെയും ആൺകോയ്മയേയും രഞ്ജിത്ത് ഊട്ടി ഉറപ്പിക്കുകയായിരുന്നുവെന്ന് ഒരു കൂട്ടം അദ്ദേഹത്തിനെതിരെ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസ്ക്തിയുണ്ട് താനും.
എന്നാൽ സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൊല്ലി താൻ ഒരിക്കലും മാപ്പു പറയില്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയാണ് രഞ്ജിത്ത്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ തുറന്നു പറച്ചിൽ. ‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം എനിക്കില്ല. ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശ. അത് സ്ത്രീവിരുദ്ധതയല്ല. സ്ത്രീകളെ ആക്രമിക്കാന്‍ പോകുന്ന വ്യക്തിയല്ല ഞാന്‍.’– രഞ്ജിത്ത് പറഞ്ഞു.
ഞാൻ മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചു കാണാറില്ല. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിൽ കുടിയനായ ക്യാപ്റ്റൻ തോമസ് പറയുന്നുണ്ട്. എടി ഞാൻ കാഞ്ഞിരപ്പിളളി നസ്രാണിയാ എനിക്കറിയാം എന്റെ പെണ്ണിനെ എങ്ങനെ നിർത്തണമെന്ന്. പത്മരാജനെതിരെ പ്രതിഷേധമുണ്ടായില്ല. കാരണം പത്മരാജനല്ല സിനിമയിലെ കഥാപാത്രമാണ് സംസാരിച്ചതെന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ടായത് കൊണ്ടാണ്.
എന്റെ തന്നെ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം മുൻഭാര്യയായിരുന്ന കനിഹയുടെ കഥാപാത്രത്തോടെ ഞാൻ കളളുകുടി നിർത്തിയത് നന്നായി അല്ലേൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ എന്ന് പറയുന്ന സന്ദർഭം പറഞ്ഞ് കഥാകൃത്തിനോട് കലഹിക്കുന്നത് ബാലിശമാണെന്ന് ഞാൻ കരുതുന്നു– രഞ്ജിത്ത് പറഞ്ഞു.
ചില കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റെതാണ്. അതേസമയം ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ടെന്നും രഞ്ജിത്ത് പറയുന്നു. പാർവതി പറഞ്ഞത് പാർവതിയുടെ അഭിപ്രായമാണ് ആ അഭിപ്രായത്തിന്റെ പേരിൽ പാർവതിയെ കല്ലെറിയുന്നതിനോട് യോജിക്കാനാകുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ദേവാസുരത്തില്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം അത്രയേറേ ക്രൂരതകളും സ്ത്രീവിരുദ്ധതയും ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും തനിക്ക് നല്‍കിയ സ്‌നേഹത്തിന് രേവതിയുടെ കഥാപാത്രത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ചിത്രത്തിലെ ഒരു ഡയലോഗിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ നടത്തരുത്– രഞ്ജിത്ത് പറഞ്ഞു.