ഒറ്റ മിമിക്രിയിലൂടെ സിനിമയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് കിരൺ ക്രിസ്റ്റഫർ എന്ന കലാകാരൻ. മഴവിൽ മനോരമയുടെ മിമിക്രി മഹാമേളയിലെ ഒറ്റ പ്രകടനമാണ് കിരണിന് സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചുകൊണ്ടുള്ള കിരണിന്റെ പ്രകടനം സമൂഹമാധ്യമങ്ങളിലാകെ വൈറലായിക്കഴിഞ്ഞു.

ശബ്ദം കൊണ്ടും ഭാവം കൊണ്ടും പ്രേക്ഷകന് ചിലനേരം കൺമുമ്പിൽ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വിധം അനായാസമാണ് കൊല്ലം സ്വദേശിയായ കിരൺ ക്രിസ്റ്റഫർ പ്രകടനം കാഴ്ചവെച്ചത്. ഫിസിക്സ് അധ്യാപകന് കൂടിയായ കിരൺ കൂടുതൽ വിശേഷങ്ങൾ മനോരമ ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുന്നു.

കിരണിന്റെ 'സന്തോഷ്പണ്ഡിറ്റി’ന് നിറഞ്ഞ കൈയടിയാണ്. എന്നുതൊട്ടാണ് സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ച് തുടങ്ങിയത്?


ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമ കൃഷ്ണനും രാധയും പുറത്തിറങ്ങുന്നത്. അത്തവണത്തെ കലോത്സവത്തിന് എന്തെങ്കിലും വ്യത്യാസം വേണമെന്ന് കരുതിയാണ് ആദ്യമായി സന്തോഷ് പണ്ഡിറ്റിനെ അനുകരിക്കുന്നത്. ആ പ്രകടനത്തിന് സമ്മാനം ലഭിച്ചതോടെ ആത്മവിശ്വാസമായി. 

കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നോ?


അതെ. നാടകവും മിമിക്രിയും സ്കിറ്റുമായിരുന്നു ഇഷ്ടപ്പെട്ട ഇനങ്ങൾ. മൂന്നിനും കേരളസർവകലാശാല കലോത്സവത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. നാടകത്തിനും മിമിക്രിയ്ക്കും രണ്ടുതവണ ഒന്നാം സ്ഥാനവും സ്കിറ്റിന് ഒരു തവണ ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട്. അഭിനയം അന്നുതൊട്ടേ മനസിലുള്ള മോഹമായിരുന്നു.

ഇപ്പോൾ സന്തോഷ്പണ്ഡിറ്റ് കാരണം സിനിമയിലേക്ക് ക്ഷണം കിട്ടിയതിനെക്കുറിച്ച്?


എന്റെ പ്രകടനം കണ്ടിട്ട് സുരാജേട്ടനാണ് സിനിമയിലേക്ക് അവസരം തരാമെന്ന് അറിയിച്ചത്. സ്റ്റേജിൽവെച്ചും അതിന്ശേഷവും അദ്ദേഹമത് പറഞ്ഞു. ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഒരു വേഷം തരാമെന്നാണ് പറഞ്ഞത്. 

കിരണിന്റെ പ്രകടനം കണ്ടിട്ട് സന്തോഷ് പണ്ഡിറ്റ് വിളിച്ചിരുന്നോ?

ഇല്ല, പക്ഷെ തമിഴ്നാട്ടിൽ നിന്നുവരെ കുറേപ്പേർ വിളിച്ച് അനുമോദിച്ചിരുന്നു. ‘തട്ടീം മുട്ടീ’മിലെ മനോജ് ചേട്ടനടക്കം സിനിമ സീരിയല്‍ രംഗത്തെ പലരും വിളിച്ചു. 

എങ്ങനെയാണ് ഇത്ര സ്വാഭാവികമായി സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചത്? തയാറെടുപ്പുകൾ?


ഞാനിതുവരെ സന്തോഷ്പണ്ഡിറ്റിനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകളും കണ്ടിട്ടില്ല. പക്ഷെ ഒരുപാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. അഭിമുഖങ്ങളിലെ അദ്ദേഹത്തെ രീതികൾ കണ്ട് സ്വയം പരിശീലിച്ചെടുത്തതാണ്.

മിമിക്രി മഹാമേളയിൽ വരുന്നതിന് മുന്‍പ് വരെ സന്തോഷ്പണ്ഡിറ്റിന്റെ ശബ്ദം മാത്രമേ അനുകരിച്ചിട്ടുള്ളൂ. മഴവിൽ മനോരമയുടെ വേദിയിലാണ് ആദ്യമായി ഭാവങ്ങളും ചേഷ്ടകളും അനുകരിക്കുന്നത്. 

വിദ്യാർഥികൾക്ക് മുമ്പിൽ മിമിക്രി കാണിക്കാറുണ്ടോ?


സമവാക്യങ്ങളൊക്കെ പഠിപ്പിക്കുന്ന സമയത്ത് കുട്ടികൾക്ക് വേഗം മനസിലാകാനായി പൃഥ്വിരാജിന്റെയൊക്കെ ശബ്ദത്തിൽ പറയാറുണ്ട്. ഇതുവരെ പക്ഷെ സന്തോഷ് പണ്ഡിറ്റിനെ കുട്ടികൾക്ക് മുമ്പിൽ കാണിച്ചിട്ടില്ല. അത്രയും മിമിക്രി കാണിച്ചാൽ കുട്ടികൾക്ക് ഒരു പേടി കാണില്ല.

അവരുടെ മുമ്പിൽ ഞാൻ അൽപം കർക്കശക്കാരനായ അധ്യാപകനാണ്. പറയുന്ന പാഠങ്ങൾ പഠിച്ചിട്ട് വന്നില്ലെങ്കിലും മാർക്ക് കുറഞ്ഞാലുമൊക്കെ ഭരത്ചന്ദ്രൻ ഐപിഎസിനും മേലെയായിരിക്കും സ്വഭാവം. മഴവിൽ മനോരമയിലെ പരിപാടി കണ്ട് വിദ്യാർഥികൾ അത്ഭുതപ്പെട്ടിരിക്കുകയാണ്.