mammootty-lal-captain

മലയാളത്തിന്റെ പ്രിയ  ക്യാപ്റ്റനെ കേരളം കണ്ണീരോടെ അനുസ്മരിക്കുമ്പോൾ വേറിട്ടൊരു ഒാർമ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ലാൽ. പവനായി എന്ന കഥാപാത്രം ട്രോൾ ലോകത്തും മലയാളിയുടെ മനസിലും സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും എന്നത് തർക്കമില്ലാത്ത കാര്യമാണെന്നാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ ലോകം ഒന്നടങ്കം പറയുന്നത്. 

 

പേടിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ചിരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്കുള്ള ക്യാപ്റ്റന്‍ രാജുവിന്റെ മാറ്റം കൂടിയായിരുന്നു ആ കഥാപാത്രം.  നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം പുതുതലമുറയ്ക്കു പോലും ഏറെ പിയപ്പെട്ടതാകുന്നതും അദ്ദേഹത്തിന്റെ അഭിനയചാരുതികൊണ്ടാണ്. എന്നാൽ മമ്മൂട്ടിക്കും പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹമുണ്ടായിരുന്നു എന്നതാണ് ലാല്‍ നടത്തുന്ന വെളിപ്പെടുത്തല്‍.  

 

ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിന്റേതായിരുന്നു. ‘നാടോടിക്കാറ്റിന്റെ കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. അദ്ദേഹം കഥ വിശദമായി കേട്ടു. രസകരമായ സംഗതിയെന്തെന്നാല്‍, ആ കഥയില്‍ മമ്മൂക്കയ്ക്ക് സ്‌ട്രൈക്ക് ചെയ്തത് പവനായിയുടെ കഥാപാത്രമായിരുന്നു. അന്നൊക്കെ മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ഞങ്ങളുടെ കഥയോടുള്ള ഇഷ്ടം കാരണം അദ്ദേഹം തന്നെ ഇടപെട്ട് പലരോടും ഞങ്ങളെക്കൊണ്ട് ആ കഥ പറയിക്കുമായിരുന്നു.’ 

 

‘പിന്നെയാണ് ആ ആഗ്രഹം തുറന്നുപറയുന്നത്. മമ്മൂക്കയ്ക്ക് 'പവനായി' എന്ന കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്ന്. ശരിക്കും ഭയങ്കര കൗതുകമുള്ള സംഭവമല്ലേ, നായകനനായി, സ്റ്റാറായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് പറയുന്നത്. ആ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയില്‍ അദ്ദേഹം അത്രയും ആകര്‍ഷിക്കപ്പെട്ടിരുന്നു. പിന്നീട് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത് സത്യന്‍ അന്തിക്കാടാണ്..’ ലാൽ പറയുന്നു .അതുപിന്നീട് എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറി.  കാഴ്ചയില്‍ വലിയ രൂപമുള്ള ഒരാള്‍, കാണിക്കുന്ന ഓരോ ചലനത്തിലും തമാശ. അദ്ദേഹം ആ കഥാപാത്രത്തെ നല്ല വഴക്കത്തോടെയാണ് ചെയ്തത്. ഉയരവും, നിറവും അദ്ദേഹത്തിന്റേതായ എല്ലാ സവിശേഷതകളും ആ കഥാപാത്രത്തിന് നന്നായിട്ട് ഇണങ്ങി– ഒാർമകളിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ച് ലാൽ പറഞ്ഞു.