സർക്കാർ എന്റെ ചിത്രം, മുരുഗദാസ് മോഷ്ടിച്ചതെന്ന് എഴുത്തുകാരനും സംവിധായകനുമായ വരുൺ രജേന്ദ്രൻ. ഇതുസംബന്ധിച്ച് വരുണ്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന് മുമ്പാകെ  പരാതി നല്‍കി. പരാതി റൈറ്റേഴ്സ് യൂണിയന്‍ പരിശോധിച്ചു വരികയാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇളയദളപതി വിജയ് നായകനാകുന്ന ചിത്രം ദീപാവലി റിലീസാണ്.

 

2007 ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ ‘സെന്‍ഗോള്‍’ എന്ന കഥ മുരുഗദാസ് മോഷ്ടിച്ചെന്നാണ് വരുണ്‍ പരാതിയില്‍ പറയുന്നത്.’സെന്‍ഗോളി’ന്റെ കഥ വിജയിന്റെ അച്ഛന്‍ എസ്എ ചന്ദ്രശേഖറിനോട് താന്‍ പറഞ്ഞിരുന്നെന്നും കഥ കേട്ട് ഉടനെ തന്നെ തിരിച്ചുവിളിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ലെന്നും വരുണ്‍ പരാതിയില്‍ പറയുന്നു.‌

 

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്. പരാതിയുമായി മുന്നോട്ടുപോയാൽ ചിത്രത്തിന്റെ റിലീസിനെ ബാധിക്കും. ഇതൊഴിവാക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.