കാടിന്റെ മക്കൾക്കു സാന്ത്വനമേകി മലയാളത്തിന്റെ പ്രിയനടൻ. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ എന്ന സംഘടന അംഗപരിമിതരായ ആദിവാസികൾക്കു മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് മുള്ളേരിയയില്‍ വച്ച് മമ്മൂട്ടി തന്നെ നിര്‍വഹിച്ചു. പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിലായിരുന്നു പരിപാടി.
തൊണ്ണൂറിന്റെ അവശതകൾ മറന്നാണ് അലമി മൂപ്പൻ കാടിറങ്ങി മുള്ളേരിയ പാർഥക്കൊച്ചിയിൽ എത്തിയത്. മൂപ്പനു നൽകാൻ നിറയെ സ്നേഹവുമായി മമ്മൂട്ടി അവിടെ കാത്തു നിന്നു. ഒപ്പം ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവും. തനതു സംഗീതോപകരണങ്ങളും കരകൗശല വസ്തുക്കളും മൂപ്പനും സംഘവും മമ്മൂട്ടിക്കു സമ്മാനിച്ചു, ഒപ്പം ബി.ആർ.അബേദ്കറുടെ ഛായാചിത്രവും. തുടർന്ന് കാസര്‍കോടിന്റെ തനതുകലാരൂപമായ മംഗലംകളിയുടെ പാട്ടുകള്‍ പാടി. ഒരുവേള താളമിട്ട് താരവും ഒപ്പം കൂടി.
കാടിന്റെ മക്കളുടെ പ്രശ്നങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ആദിവാസികൾക്കു മികച്ച വിദ്യാഭ്യാസം നൽകാനുള്ള നടപടികളാണു വേണ്ടതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ എന്ന സംഘടന അംഗപരിമിതരായ ആദിവാസികൾക്ക് നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. അർഹരായ മുഴുവൻ ആദിവാസികൾക്കും ജില്ലാ ഭരണകൂടം മുഖേന സഹായം എത്തിക്കും. ആദിവാസികൾക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു നല്‍കി. അടുത്ത സാമ്പത്തിക വർഷം കൂടുതൽ സഹായം ജില്ലയിൽ എത്തിക്കാൻ കെയർ ആൻഡ് ഷെയർ സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയില്‍ സഹായം ആവശ്യമുള്ളവർ 0484 2377369 എന്ന നമ്പറിൽ പ്രൊമോട്ടർമാർ മുഖേന ബന്ധപ്പെടണമെന്ന് ഫാ തോമസ് കുര്യൻ അറിയിച്ചു.
കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, എസ്.ജോർജ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.