ഒടുവിൽ ഒടിയനെക്കുറിച്ച് പ്രതികരിച്ച് മഞ്ജുവാര്യർ. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. വ്യാജപ്രചരണങ്ങൾ അതിജീവിച്ച് ഒടിയൻ മുന്നേറുകയാണ്. കാണാത്തവർ കാണണമെന്നാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ജുവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!
സിനിമയ്ക്ക് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ മഞ്ജുവിനെ സഹായിച്ചതിന്റെ പേരിലാണെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് മഞ്ജു മറുപടി പറയണമെന്നും മൗനം വെടിയണമെന്നുമായിരുന്നു സംവിധായകന്റെ ആവശ്യം. പ്രതിസന്ധി സമയത്ത് തനിക്കൊപ്പം നിൽക്കേണ്ടത് സൗഹൃദത്തിന്റെ പേരിലും ജോലിയുടെ പേരിലും മഞ്ജുവിന്റെ ധാർമിക ഉത്തരവാദിത്തമാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.