നല്ല പാട്ടുകാരി എന്നതിനൊപ്പം ശക്തയായ അമ്മ എന്നും അമൃതാ സുരേഷിനെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യങ്ങൾ തന്നെ പാവം അമൃതയിൽ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് യൂട്യൂബ് ചാനലായ ജോഷ് ടോക്കിൽ സംസാരിച്ചു.

 

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അവിടെ നിന്നുമാണ് ആളുകൾ വിശേഷിപ്പിക്കുന്ന സ്വപ്നതുല്യമായ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. അതുവരെയുള്ള അമൃതയെ മാത്രമേ ജനങ്ങൾക്കറിയൂ. എന്നാൽ താൻ നടന്നുകയറിയ സ്വപ്ന ജീവിതം പേടി സ്വപ്നമായി മാറുകയായിരുന്നു. പഠിത്തം അവസാനിപ്പിച്ചാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചോർത്ത് ഒരുപാട് കരഞ്ഞു, ആരോടും പരാതി പറഞ്ഞില്ല. ആ ജീവിതം വിട്ട് ഇറങ്ങിയപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യം സീറോ ബാലൻസും രണ്ടുവയസുള്ള കുഞ്ഞുമായിരുന്നു. 

 

ഞാൻ ഒന്നും പ്രതികരിക്കാതെയിരുന്നപ്പോൾ അമൃത സുരേഷിനെ ഒന്നിനും കൊള്ളില്ല എന്ന് എല്ലാവരും പറഞ്ഞു, പറഞ്ഞു തുടങ്ങിയപ്പോൾ അഹങ്കാരി എന്ന് മുദ്രകുത്തി. ഏത് പെണ്‍കുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകാം. അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്. 

 

ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ച് നിൽക്കുമ്പോഴാണ് ഞാൻ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിയുന്നത്. പത്തുവർഷം മുമ്പുള്ള അമൃത എന്തിനും ഏതിനും പൊട്ടിക്കരയുന്നവളായിരുന്നു. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം. ആ ലക്ഷ്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്– അമൃതസുരേഷ് പറഞ്ഞു.

 

വിഡിയോ കാണാം