priyanka

മോഡലിങ്ങിൽ നിന്നാണ് പ്രിയങ്ക നായർ സിനിമയിലെത്തുന്നത്. 2006-ൽ പുറത്തിറങ്ങിയ 'വെയിൽ' എന്ന തമിഴ് ചിത്രത്തിലൂടെ. പിന്നെ തിരഞ്ഞെടുത്ത കുറേ മികവുറ്റ മലയാളചിത്രങ്ങൾ. 'വിലാപങ്ങൾക്കപ്പുറം' എന്ന ചിത്രത്തിൽ സാഹിറയെന്ന മുസ്ലിം പെൺകുട്ടിയെ അവതരിപ്പിച്ചതിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമാണ് പ്രിയങ്ക നായർ. പുതിയ ചിത്രം മാസ്കിന്റെ വിശേഷങ്ങളും കടന്നുവന്ന ജീവിതത്തെക്കുറിച്ചും പ്രിയങ്ക സംസാരിക്കുന്നു.

 

പുതിയ ചിത്രം മാസ്കിന്റെ വിശേഷങ്ങളെന്തെല്ലാമാണ്?

മാസ്ക് രസകരമായ കുടുംബ ചിത്രമാണ്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് എന്നിവരാണ് അഭിനേതാക്കൾ. ഞാൻ ചെമ്പൻ ചേട്ടന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. റസിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദന്ത ഡോക്ടറാണ് റസിയ. രസകരമായ ഒരു കഥാപാത്രമാണ്.

 

സിനിമയിൽ ഇടവേളകൾ ഇടുന്നത് മനപൂർവ്വമാണോ?

എന്റെ കാര്യത്തിൽ അങ്ങനെ ഇടവേളയെന്നോ തിരിച്ചുവരവെന്നോ ഒന്നും പറയാൻ പറ്റില്ല. ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ഞാൻ എന്റെ ജോലിയിൽ അങ്ങനെ ഇടവേള എടുത്തിട്ടില്ല. സിനിമകൾ ചെയ്തുകൊണ്ടേയിരിക്കുകയാണ്. പക്ഷെ ചെയ്യുന്ന സിനിമകളുടെ ജോലികൾ പൂർത്തിയാകാനും റിലീസാകാനും സമയമെടുക്കുന്നതുകൊണ്ടാണ് ഞാൻ ഇടവേളയെടുക്കുകയാണെന്ന് തോന്നുന്നത്. മാസ്കിനൊപ്പം തമിഴിലും ഞാൻ അഭിനയിക്കുന്നുണ്ട്.

 

കടന്നുവന്ന ജീവിതാനുഭവങ്ങൾ പ്രിയങ്കയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ജീവിതാനുഭവങ്ങൾ മാത്രമല്ല. നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നു പോയവർ, ചെയ്ത യാത്രകൾ, സാഹചര്യങ്ങൾ അവയെല്ലാം എന്നെ സ്വാധിനിച്ചിട്ടുണ്ട്. ജീവിതത്തിലുണ്ടായ അനുഭവങ്ങൾ എന്നെ കൂടുതൽ കരുത്തയാക്കുകയാണ് ചെയ്തത്.

 

കരുത്തയായ സ്ത്രീ എന്ന് അറിയപ്പെടാനാണോ കരുത്തയായ അമ്മ എന്നറിയപ്പെടാനാണോ ഇഷ്ടം?

കരുത്തിനേക്കാളുപരി കരുതലുള്ള നല്ല അമ്മ എന്ന് അറിയപ്പെടാനാണ് ഇഷ്ടം.

 

മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം?

എല്ലാ മേഖലകളിലും ഈ പറയുന്ന പ്രശ്നമുണ്ട്. ഞാൻ സിനിമയിൽ എത്തിയിട്ട് പത്തുവർഷം കഴിഞ്ഞു. ഇതുവരെ അഭിനയിച്ചതെല്ലാം എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ളവരുടെ കൂടെയാണ്. അതുകൊണ്ട് ഇത്തരം പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ അതിന്റെയർഥം ഇതൊന്നും ഇവിടെയില്ല എന്ന് അല്ല. ഈ പ്രവണത ഭാവിയിലെങ്കിലും മാറേണ്ടത് തന്നെയാണ്.