fahad-fazil--kumbalangi-nights-gif

സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ കരണത്തിട്ട് ഒന്നു പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രം. ഞാനാണ് ഹീറോയെന്ന് ആര്‍ക്കുന്ന കുമ്പളങ്ങിയിലെ ഫഹദ് ഫാസില്‍. കുമ്പളങ്ങിയിലെ വരത്തനായ ഷമ്മിയെ കണ്ടാൽ ആരും അമ്പരക്കും. ആണധികാരത്തിൻറെ എല്ലാ ഭാവങ്ങളും പേറുന്ന, സംഭാഷങ്ങളിൽ അത് പ്രകടമാക്കുന്ന ഷമ്മി, കൂടെ ചില്ലറ വേലത്തരങ്ങളും. നെഗറ്റീവ് ഷേ‍ഡ് ഉള്ള ഈ കഥാപാത്രമാകാൻ ഒട്ടും ഭയമുണ്ടായിരുന്നില്ലെന്നു പറയുന്നു ഫഹദ് ഫാസില്‍.  ഒരു അന്തർദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്, ഒപ്പം കുമ്പളങ്ങി നൈറ്റ്സ് ഷൂട്ടിങ്ങ് അനുഭവങ്ങളും നസ്റിയക്കൊപ്പം നിർമാതാവിന്‍റെ വേഷമണി‍‍ഞ്ഞ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. 

ഫഹദിനേക്കാൾ സ്ക്രീൻ സ്പേസ് കൂടുതലും കുമ്പളങ്ങിക്കാരായി നിറ‍ഞ്ഞു നിൽക്കുന്നതും മറ്റു താരങ്ങളാണ്. പക്ഷേ, താൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നുവെന്നും തന്നെക്കാൾ കൂടുതലായി അത് ദിലീഷ് പോത്തനും സംവിധായകൻ മഹേഷ് സി.നാരായണനും അറിയാമായിരുന്നുവെന്നും ഫഹദ് അഭിമുഖത്തില്‍ പറയുന്നു. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ലെന്നും  ഇമേജിനെക്കുറിച്ച് ഭയമില്ലെന്നും ഫഹദ് കൂട്ടിച്ചേർത്തു. 

''ഉത്തരവാദിത്തങ്ങള്‍ ഞങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. എനിക്ക് ഷൂട്ട് ഉള്ളപ്പോൾ അവൾ പ്രൊഡക്ഷൻ ജോലികൾ നോക്കും. അവളുടെ പിന്തുണ എന്നെ കൂടുതൽ കരുത്തനാക്കി. ഞങ്ങൾ ഒരുമിച്ചാണ് സിനിമ കാണാറ്. എനിക്കിഷ്ടം ഡാർക്ക് സിനിമകളാണ്. എന്നാൽ നസ്റിയക്ക് റോംകോംസ് സിനിമകളോടാണ് കൂടുതല്‍ പ്രിയം. അവൾക്കിഷ്ടപ്പെട്ട സിനിമകൾ മാത്രമേ നിർമിക്കുകയുള്ളൂ. സ്ക്രിപ്റ്റ് ഇഷ്ടമായതു കൊണ്ടാണ് അവള്‍ വരത്തനും കുമ്പളങ്ങി നൈറ്റ്സും നിർമിച്ചത്. 

അച്ഛൻ സിനിമ കാണുന്നത് വലിയ ജനക്കൂട്ടത്തിനു നടുവിലിരുന്നാണ്. അദ്ദേഹം പറയുന്ന അഭിപ്രായങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നസ്റിയയും ഞാനും അങ്ങനല്ല, ഞങ്ങൾ വളരെ സ്വകാര്യമായാണ് സിനിമ കാണുന്നത്'', ഫഹദ് കൂട്ടിച്ചേർത്തു.