അശ്വതി മേനോൻ- കൈനിറയെ ചിത്രങ്ങളില്ലെങ്കിലും 'വാക്കിങ്ങ് ഇൻ ദ മൂൺലൈറ്റ്' എന്ന പാട്ടോ അല്ലെങ്കിൽ സത്യം ശിവം സുന്ദരം എന്ന ഒരൊറ്റച്ചിത്രത്തിന്‍റെ മേൽവിലാസമോ മതി മലയാളികൾ ഈ നടിയെ ഓർമിക്കാൻ. വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം റാഫി ചിത്രമായ റോൾ മോഡൽസിലൂടെ താരം തിരിച്ചെത്തിയിരുന്നു. വീണ്ടുമൊരു ഇടവേളയിട്ട് ബിഗ് സ്ക്രീനിലെത്തുന്നത് പുതുമുഖം അഹമ്മദ് കബീറിന്‍റെ സംവിധാനത്തിൽ രജീഷ വിജയനെ പ്രധാനകഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ജൂൺ എന്ന ചിത്രത്തിലൂടെയാണ്. 

എവിടെയായിരുന്നു ഇത്രയും നാളുമെന്ന പതിവുചോദ്യം ആവർത്തിച്ചാൽ കുടുംബവും ജോലിയുമൊക്കെയായി കഴിഞ്ഞുപോകുകയായിരുന്നുവെന്നു പറയും അശ്വതി. സിനിമയ്ക്ക് താത്കാലിക അവധിയെടുത്തെങ്കിലും തിയേറ്റർ രംഗത്ത് സജീവമായിരുന്നു. കുടുംബവുമൊന്നിച്ച് ദുബായിലായിരുന്നു താമസം. തിരിച്ചുവരാൻ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഭർത്താവ് വികാസ് ആണെന്നു പറയുന്നു അശ്വതി. 

മാറ്റങ്ങൾ 

തിരിച്ചു വരവിൽ ഏറ്റവുമധികം പിന്തുണ നൽകിയത് നടൻ ജയസൂര്യ  ആണ്. ഇപ്പോ ജൂണിൽ അഭിനിച്ചപ്പോൾ ജോജുച്ചേട്ടൻ നൽകിയ പിന്തുണ വലുതാണ്. ഇപ്പോഴത്തെ സപ്പോർട്ട് സിസ്റ്റം വലുതാണ്. കഥ പറയുന്ന രീതി ചെറുതായി മാറിയിട്ടുണ്ടെന്നാണ് അഭിപ്രായം. 

അന്നു പറഞ്ഞ വെറുംവാക്ക്

അത് ഒരു ആഘോഷത്തിനിടെയാണ്. ജയേട്ടനാണ് ക്ഷണിച്ചത്. അന്ന് വിജയ് ബാബു സാറും വന്നിട്ടുണ്ടായിരുന്നു. എന്‍റെ കൂടെ ഭർത്താവുമുണ്ട്. അന്ന് വിജയ് സാർ ആരാണെന്നൊക്കെ ഭർത്താവിന് പറഞ്ഞുകൊടുത്തു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് മഹാഭാഗ്യമാണെന്നൊക്കെ പറഞ്ഞു. അതുകഴിഞ്ഞ് 2 മാസങ്ങൾക്കു ശേഷമാണ് ജൂണിലേക്ക് ക്ഷണം വരുന്നത്. അന്ന് വെറുതേ പറഞ്ഞ കാര്യം യാഥാര്‍ഥ്യമായതിൻറെ സന്തോഷമായിരുന്നു ഉള്ളിൽ.

ജൂണിലെ അമ്മ

കോട്ടയം ഭാഷ സംസാരിക്കുന്ന അച്ചായത്തിയാണ് ജൂണിലെ അമ്മ. ചെറുപ്പക്കാരിയായ അമ്മയെ ആണ് നോക്കുന്നതെന്ന് വിജയ് സാർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു ഈ കഥാപാത്രം. തിയേറ്റർ രംഗത്ത് സജീവമായിരുന്നതിനാൽ അഭിനയം കൈവിട്ടുപോയിരുന്നില്ല. ഇങ്ങനൊരു കഥാപാത്രം കിട്ടിയപ്പോൾ ജൂണിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിഡിയോ കാണാം.