ഏഴുവർഷം മുൻപുള്ള വാഹനാപകടമാണ് ജഗതിശ്രീകുമാർ എന്ന അതുല്യപ്രതിഭയുടെ ജീവിതം തലകീഴായി മറിച്ചത്. ഹാസ്യസാമ്രാട്ടായി മലയാളസിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു അപകടം. അന്നുമുതൽ ഇന്നോളം മലയാളസിനിമയിൽ ജഗതിശ്രീകുമാറിന്റെ അഭാവമുണ്ട്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹം തിരിച്ചുവരും എന്ന പ്രതീക്ഷയിൽ കഴിയുന്ന നിരവധി ആരാധകരിന്നുമുണ്ട്. അവർക്ക് ശുഭപ്രതീക്ഷ നൽകിയ വാർത്തയാണ് ജഗതി തിരികെ എത്തുന്നുവെന്നുള്ളത്. തൃശ്ശൂരിലെ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ക്യാമറക്ക്  മുന്നിൽ എത്തുന്നത്. ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ പരസ്യചിത്രത്തിൽ ജഗതിക്കൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. തിരിച്ചുവരവിനെക്കുറിച്ചും ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മകൾ പാർവതി മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു

 

ഈ ഏഴെട്ട് വർഷം പപ്പ വീട്ടിൽ തന്നെയാണ്. ഇടയ്ക്ക് ഏതെങ്കിലും ഷോയ്ക്കോ പരിപാടികൾക്കോ പോകുമ്പോൾ ആൾക്കൂട്ടത്തെയും പരിചയക്കാരെയുമൊക്കെ കാണുമ്പോൾ അദ്ദേഹത്തിന് വരുന്ന മാറ്റം ഞങ്ങൾ കാണുന്നതാണ്. ആ മാറ്റം കണ്ടിട്ടാണ് ഇങ്ങനെയൊരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിച്ചത്. ഞങ്ങൾ മക്കളെല്ലാവരും കൂടി ചേർന്ന് അദ്ദേഹത്തിന് അഭിനയിക്കാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കികൊടുക്കുകയാണ്.

 

ജഗതി ശ്രീകുമാറിനെ പഴയ പോലെ പൂർണ്ണ ആരോഗ്യവാനായി തിരിച്ചുകൊണ്ടുവരാമെന്നുള്ള ഉറപ്പൊന്നുമല്ല ഞങ്ങൾ തരുന്നത്. അദ്ദേഹത്തിന് പരിമിതികളുണ്ട്. ഇപ്പോഴും വീൽചെയറിലാണ്. സംസാരശേഷി തിരികെ കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റേതായ രീതിയിലാണ് ആശയവിനിമയം നടത്തുന്നത്. പക്ഷെ മുഖത്ത് വിരിയുന്ന ഭാവങ്ങളിൽ പഴയ സൂക്ഷ്മത ഇപ്പോഴുമുണ്ട്. ഒരു നല്ല നടന് അഭിനയിക്കാൻ ശബ്ദം വേണമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഞങ്ങളുടെ ഈ ഒരു ശ്രമം കൊണ്ട് പഴയ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയാൽ എല്ലാവർക്കും സന്തോഷമല്ലേ. സിനിമയിലൊക്കെ കാണുന്നത് പോലെ ഉടനടി വീൽചെയറിൽ നിന്ന് എഴുന്നേൽക്കുമെന്ന് ഒന്നും വിശ്വസിക്കുന്നില്ല, പക്ഷെ പതിയെ എങ്കിലും  നടക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇത്തരമൊരു ഉദ്യമം അദ്ദേഹത്തിനും ആത്മവിശ്വാസം നൽകുന്നതാണ്. 

 

ഞങ്ങളുടെ ഈ ശ്രമത്തെ പിന്തുണച്ച് ഒരുപാട് പേർ സന്ദേശമയക്കുന്നുണ്ട്. പക്ഷെ കുറച്ചുപേരെങ്കിലും വിമർശിക്കുന്നുണ്ട്. ഈ അവസ്ഥയിലുള്ള ആളിനെ നിങ്ങളെന്തിനാണ് ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽകൊണ്ടു വരുന്നതെന്നൊക്കെ ചോദിക്കുന്നവരുണ്ട്.  പപ്പ അഭിനയിക്കാൻ വേണ്ടി ജനിച്ചയാളാണ്. ക്യാമറയില്ലാത്ത ലോകം പപ്പയെ സംബന്ധിച്ച് ഏറെ വിഷമമുണ്ടാക്കുന്നതാണ്. ഇത്രയും കാലം പപ്പയെ വീട്ടിനകത്ത് ഇരുത്തി ചികിൽസിച്ച് നോക്കിയില്ലേ? ഇനിയും ഇങ്ങനെ അദ്ദേഹത്തെ വീട്ടിൽ തന്നെ തളച്ചിടുന്നത് എന്തിനാണ്? ക്യാമറയുടെ മുന്നിലേക്ക് അദ്ദേഹത്തെ വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ച് ഡോക്ടറോടും സംസാരിച്ചിരുന്നു. അതൊരു മാറ്റം നൽകുമെന്നും ചികിൽസയുടെ ഒരു ഭാഗമായി തന്നെ ഇതിനെ കണ്ടാൽ മതിയെന്നും ഡോക്ടറും നിർദ്ദേശിച്ചു.പപ്പയെക്കൊണ്ട് പറ്റുന്നത് പോലെ ചെയ്യട്ടെ. അതിനുള്ള പ്രോത്സാഹനമാണ് നൽകേണ്ടത്, അല്ലാതെ വിമർശനമല്ല- പാർവതി പറഞ്ഞുനിര്‍ത്തി.