mathu

 

മാതു മലയാളികൾക്ക് എന്നും അച്ചൂട്ടിയുടെ മുത്താണ്. ആന്ധ്രാ സ്വദേശിയാണെങ്കിലും അമരം, സന്ദേശം, കുട്ടേട്ടൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെയാണ് മാതു മലയാളികൾക്കും പ്രിയങ്കരിയാകുന്നത്. 19 വർഷങ്ങൾക്ക് ശേഷം അനിയൻകുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ മാതു വീണ്ടും തിരിച്ചെത്തുകയാണ്. 19 വർഷം കടന്നുപോയത് അറിഞ്ഞില്ലെന്ന് മാതു ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 19 വർഷമായി യു.എസിൽ സ്ഥിരതാമസമാണ് മാതു. മാതുവിന്റെ വാക്കുകൾ;

 

സിനിമയിൽ നിന്ന് മാറിയിട്ട് 19 വർഷമായി. ഇപ്പോഴും പക്ഷെ ആളുകൾ തിരിച്ചറിയാറുണ്ട്. നിങ്ങൾ അമരത്തിലെ മുത്ത് അല്ലേ എന്ന് ചോദിച്ച് ചിലർ സംസാരിക്കാൻ വരാറുണ്ട്. ‍ഞാൻ ചിലനേരം തമാശയ്ക്ക് അല്ല ഞാൻ മാതുവിന്റെ സഹോദരിയാണെന്ന് പറയുമ്പോൾ ഇല്ല നിങ്ങളുടെ ചിരി കണ്ടാൽ അറിയാം നിങ്ങൾ മാതുവാണെന്ന് അവർ പറയാറുണ്ട്. 

 

അനിയൻ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് പലവട്ടം എനിക്ക്് തോന്നിയിട്ടുണ്ട് എന്തിനായിരുന്നു ഞാൻ സിനിമയിൽ നിന്നും ഇത്രയേറെ വിട്ടുനിന്നതെന്ന്. സിനിമ ചെയ്യാമായിരുന്നു എന്ന് തോന്നി. സിനിമയോടുള്ള ഇഷ്ടം മനസിലുണ്ടായിരുന്നു. പക്ഷെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിലുമായിരുന്നു ശ്രദ്ധ. ഇപ്പോഴെന്റെ മക്കൾ വളർന്നു, ഇനി എനിക്ക് സിനിമ ചെയ്യാം. 

 

ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണ് അമരം. കടപ്പുറത്തായിരുന്നു ഷൂട്ടിങ്ങ്. മമ്മൂട്ടി, ഭരതൻ, മുരളി തുടങ്ങിയ സീനിയേഴ്സിന്റെ ഒപ്പമുള്ള രംഗങ്ങൾ ആസ്വദിച്ചാണ് ചെയ്തത്. എനിക്ക് ഭാഷ അറിയാതിരുന്നത് കൊണ്ട് അധികം കടപ്പുറത്ത് കറങ്ങിനടക്കാനൊന്നും സാധിച്ചിരുന്നില്ല. ഡയലോഗുകൾ കാണാതെ പഠിക്കുന്ന തിരക്കിലായിരുന്നു. ശ്രീക്കുട്ടിയാണ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. സെറ്റിലെ സുഹൃത്ത് ചിത്രയായിരുന്നു. ഞങ്ങൾ തമിഴിൽ സംസാരിക്കുമായിരുന്നു. സിനിമയിൽ ഗീതയുമായി ഇപ്പോഴും സൗഹൃദമുണ്ട്– മാതു പറഞ്ഞു.