മകന്റെ ജീവിതം വെള്ളിത്തിരയില്‍ കണ്ട് പൊട്ടിക്കരഞ്ഞ് അഭിമന്യൂവിന്റെ അമ്മ. അഭിമന്യൂവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘പത്മവ്യൂഹത്തിലെ അഭിമന്യൂ’ എന്ന ചലച്ചിത്രം കാണാനെത്തിയതായിരുന്നു അവര്‍. ആര്‍എംസിസി എന്ന വാട്സാപ്പ് കൂട്ടായ്മയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 

സിനിമയെക്കുറിച്ച് അഭിപ്രായം തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലാണ് മഹാരാജാസ് കോളജില്‍ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ അമ്മ ഭൂപതി പൊട്ടിക്കരഞ്ഞത്. അഭിമന്യൂമാര്‍ ഇനി ഉണ്ടാകരുതെന്ന സന്ദേശവുമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയും അദ്ദേഹത്തിന്റെ ഭാര്യയും ചിത്രത്തിലുണ്ട്. വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത്.  അഭിമന്യുവായി ആകാശ് ആര്യനാണ് വേഷമിട്ടിരിക്കുന്നത്.

ഇന്ദ്രന്‍സാണ് അഭിമന്യൂവിന്റെ അച്ഛനായി വേഷമിടുന്നത്. റെഡ് മലബാര്‍ കൊമ്രേഡ് സെല്‍ എന്ന വാട്സാപ്പ് കൂട്ടായ്മ വഴി ഒരുകോടിയോളം രൂപ സമാഹരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എറണാകുളം, വട്ടവട, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ പ്രദര്‍ശനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരുവിഹിതം അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കാനും അണിയറപ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട്.