mohanlal-wedding-pic

ആരാധകരുടെ ആശംസാപ്രവാഹങ്ങൾക്ക് നടുവിലാണ് മലയാളത്തിന്റെ മോഹൻലാൽ. മോഹൻലാലിനൊപ്പം ജീവിതത്തിൽ സുചിത്ര എത്തിയിട്ട് ഇന്ന് 31 വർഷം തികയുകയാണ്. താരത്തിന് ആശംസകൾ നേർന്ന് ആരാധകർ സൈബർ ലോകത്ത് സജീവമാണ്. സുചിത്രയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് മോഹൻലാലും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇക്കൂട്ടത്തിൽ ഒട്ടേറെ പേർ പങ്കുവയ്ക്കുന്നത് ഇരുവരുടെയും വിവാഹദിനത്തിന്റെ വിഡിയോയാണ്. 

വിസ്മയം എന്ന വാക്ക് മോഹൻലാൽ പല തവണ എടുത്ത് പറയാറുണ്ട്. അദ്ദേഹത്തിന്റെ ജീവിത്തതിലെ പല മുഹൂർത്തങ്ങളെയും ആ വാക്കിനോട് തട്ടിച്ചാണ് ആരാധകരും ഉപമിക്കുന്നത്. നടൻ എന്നതിനപ്പുറം സംവിധായകന്റെ കുപ്പായമണിയാൻ താരം തയാറാകുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ എത്തുന്ന വിവാഹവാർഷികം എന്ന പ്രത്യേകത കൂടി ഇൗ ദിനത്തിനുണ്ട്. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു  ഇവരുടെ വിവാഹം.പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകപൊരുത്തമില്ലെന്ന കാരണത്താൽ വേണ്ടാന്ന് വച്ച വിവാഹം പക്ഷേ ഒരു നിയോഗം പോലെ സംഭവിക്കുകയായിരുന്നു.

mohanlal-family-pic

ഇതൊരു പ്രണയവിവാഹമായിരുന്നോ എന്ന ചോദ്യം പലതവണ മോഹൻലാലും സുചിത്രയും അഭിമുഖീകരിച്ചിട്ടുണ്ട്. സുചിത്രയ്ക്ക് അന്ന് മോഹൻലാലിനോട് പ്രണയം തോന്നിയിരുന്നതായി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ഒരു വിവാഹ വേളയിൽ വച്ചാണ് ലാലിനെ സുചിത്ര ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിലെ പ്രണയം പിന്നീട് വിവാഹത്തിന് വഴിമാറി. ഇരുവരും പരസ്പരം വിവാഹത്തിന് മുൻപ് കത്തുകളെഴുതിയിരുന്നതായി സുരേഷ് ബാലാജി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.