ആത്മകഥാംശമുള്ള സിനിമയുമായി സംവിധായകന്‍ ജോഷി ജോസഫ്. ഒഭിമാനി ജ്വല്‍ എന്ന ഈ ബംഗാളി–ഇംഗ്ലിഷ് സിനിമയില്‍ മലയാളവും ഇഴചേരുന്നു. ഏഴുതവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ജോഷിയുടെ പുതിയ സിനിമയിലെ നായികയും മലയാളിയാണ് അനുമോള്‍.

 

 

കഥയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലുള്ള അതിര്‍വരമ്പുകളെ മായ്ച്ചോ മങ്ങിച്ചോ ആണ് ജോഷി ജോസഫ് ഇക്കാലമത്രയും സിനിമയേയും അത് കാണുന്നവരേയും അതിശയിപ്പിച്ചത്. എ പൊയറ്റ് – എ സിറ്റി ആന്‍ഡ് എ ഫുട്ബോളര്‍, സെന്റന്‍സ് ഓഫ് സൈലന്‍സ്, ആന്‍ഡ് ദ് ബാംബു ബ്ലൂംസ്, മൊബൈല്‍ തുടങ്ങിയവ തെളിവ്. 

 

പക്ഷേ ഒഭിമാനി ജ്വല്‍ സംവിധായകന്റെ തന്നെ ജീവിതമാണ്. കലയില്‍ ഉറച്ചുനില്‍ക്കാന്‍ കുടുംബത്തിനുള്ളില്‍ നടത്തിയ കലാപങ്ങള്‍, അതിന് മൂകസാക്ഷിയായ മകന്‍, കുടുംബാംഗം തന്നെയായി മാറിയ മഹാശ്വേതാദേവി ഒക്കെ അതിന്റെ ഭാഗമാകുന്നു. 

 

പുതിയ മലയാളസിനിമയിലെ പ്രതിഭകളിലൊരാളായ അനുമോളാണ് ചിത്രത്തില്‍ ജോസുവിന്റെ അമ്മയെ അവതരിപ്പിക്കുന്നത്. ബംഗാളിയില്‍ അനുമോളുടെ അരങ്ങേറ്റം.

 

എറണാകുളം കടമക്കുടി സ്വദേശിയായ ജോഷി ജോസഫ് ഫിലിംസ് ഡിവിഷന്‍ മേധാവിയായി രണ്ടുപതിറ്റാണ്ട് മുന്‍പാണ് കൊല്‍ക്കത്തയിലെത്തിയത്. അന്നുമുതല്‍ ഈ നഗരം നല്‍കിയ അനുഭവങ്ങള്‍ അദ്ദേഹത്തെ ഇവിടെ ഉറപ്പിച്ചുനിര്‍ത്തി. നിരൂപണത്തിനടക്കം ഏഴ് ദേശീയപുരസ്കാരങ്ങള്‍. കഥാപുരുഷനിലും നിഴല്‍ക്കുത്തിലും അടൂര്‍ ഗോപാലകൃഷ്ണനൊപ്പം സംവിധാനസഹായി. ഇനിയങ്ങോട്ടും സിനിമ തന്നെയാണ് സുഹൃത്തും വഴികാട്ടിയും.