അവതാർ സിനിമയ്ക്കു പേരു നിർദേശിച്ചതു താനാണെന്ന നടന്‍ ഗോവിന്ദയുടെ വാക്കുകളില്‍ സോഷ്യല്‍ ലോകത്ത് ചിരിച്ചര്‍ച്ച. ശരീരത്തിൽ നീല പെയിന്റ് അടിക്കാൻ താൽപര്യം ഇല്ലാത്തതിനാല്‍ തനിക്കു ലഭിച്ച കഥാപാത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നും ഗോവിന്ദയുടെ പറഞ്ഞത് ട്രോളുകളുടെ പാരാവാരമാണ് തീര്‍ക്കുന്നത്. ‘ആപ് കി അദാലത്ത് എന്ന ടിവി ഷോയിലായിരുന്നു താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.  

 

മീമുകളും കമന്റുകളും ഫോട്ടോഷോപ്പുകളും പ്രവഹിക്കുകയാണ്. നീല പെയിന്റടിച്ച അവതാർ ഗേവിന്ദയും സൂപ്പര്‍മാന്‍ ഗോവിന്ദയും സോഷ്യൽ ലോകത്ത് തരംഗമാണ്.

 

ഇതെല്ലാം അറിയുമ്പോൾ ഗോവിന്ദ ആരാണ് എന്നു ജെയിംസ് കാമറൂൺ ചോദിക്കാതിരുന്നാൽ മതി എന്നാണ് ചിലരുടെ കമന്റ്. ഡിസിയുടെയും മാർവലിന്റെയും ചിത്രങ്ങളിൽ ഗോവിന്ദ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല എന്നും ചിലർ പറയുന്നു. ഗോവിന്ദ ‘തള്ളുക’യാണ് എന്നാണ് ഇവരുടെ നിലപാട്. 

 

സിനിമ പൂർത്തിയാകാൻ ഏഴുവർഷം വേണ്ടിവരും എന്നു പറഞ്ഞപ്പോൾ ജെയിംസ് കാമറൂൺ ദേഷ്യപ്പെട്ടു. എന്നാൽ സിനിമ പ്രദർശനത്തിന് തയാറാകാൻ ഏകദേശം അത്രസമയം വേണ്ടി വന്നു എന്നും ഗോവിന്ദ പറഞ്ഞിരുന്നു. ഇതിനു പിന്നിലെ നിജസ്ഥിതി അറിയാൻ താൽപര്യപ്പെടുന്നവരും നിരവധിയാണ്.  

 

പരാമർശത്തിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ രംഗത്തെത്തിയതും വാര്‍ത്തയായി. ഗോവിന്ദയ്ക്ക് മാനസികപ്രശ്നമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നുമാണ് സുഹൃത്തുക്കളുടെ ആരോപണം. വിചിത്രമായ രീതിയിൽ ഗോവിന്ദ പെരുമാറാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. 

 

ഇതിന് മുൻപും പല വലിയ പ്രോജക്ടുകളും താൻ ഒഴിവാക്കിയതായി ഗോവിന്ദ പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. അഭിമുഖത്തിൽ അവതാറിനെക്കുറിച്ച് പറഞ്ഞതോടെയാണ് വീണ്ടും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഈ പ്രശ്നം അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നുണ്ട്. അവസാന ചിത്രം രംഗീല രാജ ഏറ്റെടുക്കാന്‍ ഒരുപാട് വിതരണക്കാര്‍ തയാറായില്ല. കാരണം അദ്ദേഹം അവരോട് വഴക്കിടുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.