വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിനിടെ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മിനിട്ടുകള്‍ക്കകം നിരവധി പേരാണ് വിഡിയോ കണ്ടത്. ‌

 

ബിഗിലിലെ മാസ് ഗാനം ‘നെഞ്ചുക്കുള്ളിൽ കുടിയിറിക്കും നമ്മ സനം വെറിത്തനം’ എന്ന ഗാനം പാടിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. കയ്യടിയോടെ സ്വീകരിച്ച ആരാധകരെക്കുറിച്ച്: 'നിങ്ങളിൽ നിന്നും വരുന്ന ഈ ശബ്ദാഘോഷത്തിനാണ് ഈ ഓഡിയോ ചടങ്ങ് തന്നെ. വേറെ ലെവൽ ആണ് നിങ്ങൾ'. 

 

‘ചെയ്യുന്ന എല്ലാ സിനിമകളും സത്യസന്ധമായി ചെയ്യുന്ന നടിയാണ് നയൻതാര. അവരുടെ കൂടെ ഇതെന്റെ മൂന്നാമത്തെ സിനിമയാണ്. ശിവകാശിയിൽ പാട്ട് രംഗത്ത് നയൻതാര പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ശിവകാശി സിനിമയിൽ കോടാമ്പാക്കം ഏരിയ എന്നൊരു ഗാനം നിങ്ങൾ കേട്ടിട്ടുണ്ടാകും. അതുപോലെ എല്ലാ ഏരിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് നയൻതാര. ജയത്തിനു വേണ്ടി പോരാടുന്ന പെൺകുട്ടികൾക്കുവേണ്ടിയുള്ള ഈ സിനിമയിൽ ജീവിതത്തിൽ പോരാടി ജയിച്ച നയൻതാര അഭിനയിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.’

 

ചിത്രത്തെക്കുറിച്ച് പറഞ്ഞ ശേഷം ട്രോളുകളെക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ: ആരെ സന്തോഷിപ്പിക്കാനാണോ ഇത്തരം ട്രോളുകൾ ചെയ്യുന്നത് ഒരിക്കൽ അവരും നിങ്ങളെ വെറുക്കും. ക്രിയേറ്റിവ് ആയി ചെയ്യുന്ന ആളുകളും ഉണ്ട്. അവർക്ക് അഭിനന്ദനം. എന്നാൽ ഇതിനൊക്കെ സമയം കണ്ടെത്താതെ സമൂഹത്തിൽ നടക്കുന്ന മറ്റ് പ്രശ്നങ്ങളിലേയ്ക്ക് നിങ്ങൾ ശ്രദ്ധതിരിക്കൂ. ശുഭശ്രീ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തം. അവരുടെ കുടുംബത്തിന് എന്തു പകരമാകും. നിങ്ങൾ ചെയ്യുന്ന ഹാഷ്ടാഗും ട്രെൻഡിങ് വാർത്തകളും ഇതുപോലെ നല്ല കാര്യങ്ങൾക്ക് ചെയ്താൽ ആർക്കെങ്കിലും ഫലമുണ്ടാകും.’

 

ആരാധകരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചും വിജയ് തുറന്നുസംസാരിച്ചു. ‘അവർ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം എനിക്കും ഉണ്ടായി. ചെറിയ ചെറിയ ആഘോഷങ്ങള്‍ അവർ നടത്താറുണ്ട്. ഇതൊക്കെ എന്തിനാണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാൽ അത് േകൾക്കാനുള്ള ഒരു ചിന്താഗതിയിൽ അല്ല അവർ. എന്റെ ഫോട്ടോയോ ബാനറോ കീറിക്കളയുകയോ മാറ്റുകയോ ചെയ്തോളൂ, പക്ഷേ എന്റെ ആരാധകരുടെ ദേഹത്ത് കൈ വയ്ക്കരുത്.

 

തിയറ്ററിനകത്ത് അവരുടെ സന്തോഷത്തിനായി ചെറിയ ചെറിയ ആഘോഷങ്ങള്‍ നടത്താറുണ്ട്. അവരുടെ കോപവും ചോദ്യവുമൊക്കെ ന്യായം തന്നെയാണ്. പിന്നെ എന്തിനാണ് അവരുടെ ദേഹത്ത് കൈ വയ്ക്കുന്നത്.’–വിജയ് പറഞ്ഞു.