നടന്‍ വിജയ്‍യെക്കുറിച്ച് സംസാരിക്കുന്നവര്‍ സാധാരണയായി പറയാറുള്ള കാര്യമാണ് അദ്ദേഹത്തിന്റെ ലാളിത്യവും അന്തർമുഖത്വവും. അഭിമുഖങ്ങളിലോ പൊതുചടങ്ങുകളിലോ അദ്ദേഹം അധികം സംസാരിച്ചു കണ്ടിട്ടുമില്ല. ഏകസഹോദരി വിദ്യയുടെ മരണശേഷമാണ് മകൻ അന്തർമുഖനായതെന്ന് വിജയ്‍യുടെ അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് കുസൃതി കാണിച്ചിരുന്ന വായാടിയായിരുന്ന വിജയ് വിദ്യയുടെ മരണശേഷം ഒരുപാട് ഉള്‍വലിഞ്ഞുവെന്നും അമ്മ ശോഭ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തിൽ അന്തർമുഖന്‍ വാചാലനായത് സദസിനെയും ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
സിനിമ മാത്രമല്ല, 30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാഷ്ട്രീയവും സംസാരവിഷയമായിരുന്നു. പിന്നാലെ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന അഭ്യൂഹങ്ങളും സജീവമായി.
ബിഗിലിലെ ഒരു പാട്ട് പാടിക്കൊണ്ടായിരുന്നു തുടക്കം. ചിത്രത്തിലെ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ നയൻതാരയെക്കുറിച്ചും സംസാരിച്ചു. എല്ലാ ചിത്രങ്ങളും നന്നായി ചെയ്യുന്ന താരമാണ് നയൻതാര എന്നും അവരുടെ കൂടെയുള്ള മൂന്നാമത്തെ ചിത്രമാണിതെന്നും വിജയ് പറഞ്ഞു.
ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച യോഗിയെക്കുറിച്ച് പറഞ്ഞത് സദസിനെ ചിരിപ്പിച്ചു: ''യോഗി ഇപ്പോള്‍ വലിയ തിരക്കുള്ള നടനാണ്. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാന്‍ കഴിയാത്തത്ര തിരക്ക്. ഉടനെ പെണ്ണുകാണാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. കല്യാണത്തിനെങ്കിലും കൃത്യസമയത്ത് എത്തണേ യോഗി. വീട് ആര്‍ക്കുവേണമെങ്കിലും ഉണ്ടാക്കാം. എന്നാല്‍ താലി...''
ജീവിതത്തെക്കുറിച്ചുള്ള ഫിലോസഫിക്കൽ ചിന്തകളായി പിന്നീട്. ജീവിതം ഫുട്‌ബോള്‍ മത്സരം പോലെയാണ്. ഗോള്‍ അടിക്കാന്‍ നമ്മള്‍ പരിശ്രമിച്ച് കൊണ്ടേയിരിക്കും. പക്ഷേ തടയാന്‍ ഒരുപാട് ആളുകളുണ്ടാകും. ചിലപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ വരെ സെല്‍ഫ് ഗോള്‍ അടിക്കാം. ഒരിക്കലും നമ്മള്‍ മറ്റൊരാളെ പോലെയാകാൻ ശ്രമിക്കാതിരിക്കുക.
ട്രോളുകൾ പരിഹസിക്കാൻ വേണ്ടിയാകരുതെന്നും ക്രിയാത്മകമായി ചെയ്യുന്നിൽ തെറ്റില്ലെന്നും പറഞ്ഞ വിജയ് മറ്റുള്ളവരെ പരിഹസിച്ച് നിങ്ങള്‍ ആരെയാണോ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് അവര്‍ ഒരിക്കല്‍ നിങ്ങളെ വെറുക്കുമെന്നും പറഞ്ഞു. ഫൺ എലമന്റ് ഉള്ള ട്രോളുകൾ നല്ലതാണ്. എന്നാൽ അതിനപ്പുറത്തേയ്ക്ക് പോകുമ്പോഴാണ് പ്രശ്നം. എംജിആര്‍ സാർ ഇലക്‌ഷൻ പരിപാടിക്കുവേണ്ടി പോകുന്ന സമയം. അദ്ദേഹത്തിന്റെ കൂടെ കാറിൽ മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടായിരുന്നു. പോകുന്ന വഴി എംജിആർ സാറിനെ സന്തോഷപ്പെടുത്താൻ കലൈഞ്ജർ(കരുണാനിധി) സാറിനെക്കുറിച്ച് മോശം സംസാരിക്കാൻ തുടങ്ങി. ഇതുകേട്ടതും വണ്ടി നിർത്താൻ എംജിആർ സാർ ആവശ്യപ്പെട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു, ‘എനിക്കും കലൈഞ്ജറിനും ഇടയിൽ ആയിരം പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാൽ അവർ എത്രയോ വലിയ നേതാവാണ്.’ ഇത്രയും പറഞ്ഞ് ആ നേതാവിനെ റോഡിൽ ഇറക്കി വിടുകയായിരുന്നു.ശത്രുവാണെങ്കിലും അവരോട് നമ്മള്‍ ആദരവ് കാട്ടണം.
ആരെ സന്തോഷിപ്പിക്കാനാണോ ഇത്തരം ട്രോളുകൾ ചെയ്യുന്നത് ഒരിക്കൽ അവരും നിങ്ങളെ വെറുക്കും. ക്രിയേറ്റിവ് ആയി ചെയ്യുന്ന ആളുകളും ഉണ്ട്. അവർക്ക് അഭിനന്ദനം. എന്നാൽ ഇതിനൊക്കെ സമയം കണ്ടെത്താതെ സമൂഹത്തിൽ നടക്കുന്ന മറ്റ് പ്രശ്നങ്ങളിലേയ്ക്ക് നിങ്ങൾ ശ്രദ്ധതിരിക്കൂ. ശുഭശ്രീ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തം. അവരുടെ കുടുംബത്തിന് എന്തു പകരമാകും. നിങ്ങൾ ചെയ്യുന്ന ഹാഷ്ടാഗും ട്രെൻഡിങ് വാർത്തകളും ഇതുപോലെ നല്ല കാര്യങ്ങൾക്ക് ചെയ്താൽ ആർക്കെങ്കിലും ഫലമുണ്ടാകും.
തന്റെ ആരാധകരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചും വിജയ് തുറന്നുസംസാരിച്ചു. അവർ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം എനിക്കും ഉണ്ടായി. ചെറിയ ചെറിയ സെലിബ്രേഷൻസ് അവർ നടത്താറുണ്ട്. ഇതൊക്കെ എന്തിനാണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാൽ അത് േകൾക്കാനുള്ള ഒരു ചിന്താഗതിയിൽ അല്ല അവർ. എന്റെ ഫോട്ടോയോ ബാനറോ കീറിക്കളയുകയോ മാറ്റുകയോ ചെയ്തോളൂ, പക്ഷേ എന്റെ ആരാധകരുടെ ദേഹത്ത് കൈ വയ്ക്കരുത്.
അജിത്-വിജയ് ആരാധകര്‍ തമ്മിലുള്ള പോരിനെക്കുറിച്ചും പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആക്രമണത്തിലേക്കും വ്യക്തിഹത്യയിലേക്കും നീളുന്ന ആരാധന താന്‍ ഒരിക്കലും പ്രത്സാഹിപ്പിക്കില്ലെന്നും വിജയ് വ്യക്തമാക്കി.