മലയാളത്തിലെ യുവനടൻമാരിൽ താരത്തിളക്കമുള്ള അഭിനേതാവാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുൻനിര നായകന്മാരുടെ പദവിയിലേക്ക് വളരുകയും ചെയ്ത ടൊവീനോ ജനപ്രീതിയിലും മുൻപന്തിയിലാണ്. താരപ്രഭയിൽ നിൽക്കുമ്പോഴും കടന്നു വന്ന വഴികളെക്കുറിച്ചുള്ള ഓർമകൾ ടൊവീനോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ടൊവീനോ പങ്കുവച്ച ഒരു ഓർമക്കുറിപ്പ് ആരാധകരുടെ ഹൃദയം കവർന്നു. 

 

ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളെക്കുറിച്ചായിരുന്നു ടൊവീനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവത്തെപ്പറ്റി ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ: "ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഞാൻ ഒരു മൂവിക്യാമറയ്ക്കു മുൻപിൽ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം." 

 

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. പിൻനിരയിൽ നിൽക്കുന്ന സ്വന്തം മുഖം പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വൃത്താകൃതിയിൽ ചൂണ്ടിക്കാണിക്കാനും താരം മറന്നില്ല. ഇത്രയും ലളിതമായി തന്റെ കരിയറിനെ പരിചയപ്പെടുത്തിയ ടൊവീനോ ആരാധകരുടെ കയ്യടി നേടി. 

 

'ആത്മാർത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല' എന്നായിരുന്നു താരത്തിന്റെ ഓർമക്കുറിപ്പിന് ഒരു ആരാധകൻ നൽകിയ മറുപടി. കഠിനാധ്വാനവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ജീവിതത്തിൽ ഉയരങ്ങളിലെത്തുമെന്നതിന് ഉദാഹരണമാണ് ടൊവീനോയുടെ ജീവിതമെന്നും ആരാധകർ കുറിച്ചു.