സിനിമയിൽ കണ്ടുശീലിച്ച മുഖമല്ല അയ്യപ്പനും കോശിയിലെ സി.ഐ സതീഷിന്റേത്. ഭരണകൂടത്തിന്റെ കാവലാളായ പൊലീസ് ഉദ്യോഗസ്ഥന് കാർകശ്യമില്ലാത്ത സാധാരണ മനുഷ്യന്റെ മുഖം കൂടിയുണ്ട്. സി.ഐ സതീഷ് എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ മികച്ചതാക്കിയത് അനിൽ നെടുമങ്ങാടാണ്. തീയറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും അനിൽ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

 

കലാരംഗത്ത് വർഷങ്ങളായിട്ടുള്ള വ്യക്തിയാണ്. സിനിമ ജീവിതത്തിലേക്ക് എത്താന്‍ വൈകിയോ..? 

 

സിനിമ വൈകി എന്ന് തോന്നിയിട്ടില്ല. ഞാനെന്റെ ഇരുപതുകളിലോ മുപ്പതുകളിലോ ആണ് സിനിമയിലേക്ക് എത്തിയിരുന്നതെങ്കിൽ ഈ പ്രായത്തിൽ ഔട്ടായി വീട്ടിലിരുന്നേനേ. അതുകൊണ്ട് ഇതല്ലേ നല്ലത്? ആ പ്രായത്തിൽ സിനിമയുടെ രീതി ഇപ്പോഴത്തേത് പോലെയായിരുന്നില്ല. എന്നെപ്പോലെ ഒരാൾക്ക് ആ കാലത്ത് സ്പെയ്സില്ല. നായകന്റെ അടുത്ത് നിൽക്കുന്ന ഒരാൾ എന്നതിൽ ഉപരി എന്തെങ്കിലും നല്ല കഥാപാത്രങ്ങൾ കിട്ടാനുള്ള സാധ്യതയില്ലാരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ രീതി തന്നെ മാറി. കഥാപാത്രങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം. ഈ സിനിമയിൽ തന്നെ കോശി എന്ന നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാകാൻ പൃഥ്വിരാജ് തയാറായത് ഉദാഹരണമാണ്. സുരാജ്, സൗബിൻ തുടങ്ങിയ എത്രയോ നടന്മാർക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുന്ന കാലമാണ്. 

 

അങ്ങനെയുള്ള സമയത്ത് സിനിമയിൽ എത്താൻ സാധിച്ചത് നന്നായി എന്നാണ് തോന്നുന്നത്. ഇത്രയും നാളത്തെ ജീവിതാനുഭവങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങൾക്കും മുതൽക്കൂട്ടാണ്.

 

സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം സിനിമയിൽ അവസരം ലഭിക്കാൻ നടന്ന ഒരു കാലമുണ്ടായിരുന്നില്ലേ?

 

സിനിമയിൽ അവസരം ലഭിക്കാനായി ഞാനും കുറച്ച് നടന്നിട്ടുണ്ട്. ആദ്യം ചാൻസ് ചോദിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ സാറിനോടാണ്. സാറിന്റെ ലാൻഡ് ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. സിനിമയിൽ ഒരു അവസരത്തിനായിട്ടാണെന്ന് പറഞ്ഞു. 

 

സിനിമയൊന്നും ഉടൻ ചെയ്യുന്നില്ല, സിനിമ ചെയ്യുന്നുണ്ടെങ്കിലും കണ്ടശേഷമേ തീരുമാനിക്കാൻ സാധിക്കൂ എന്നായിരുന്നു മറുപടി. ഇതുകേൾക്കേണ്ട താമസം ഞാൻ സാറിന്റെ ആക്കുളത്തെ വീട്ടിൽ ചെന്നു. വീട്ടിലേക്ക് വരുന്ന കാര്യം പറയാതെയാണ് ചെന്നത്. പറഞ്ഞാൽ സാർ വരേണ്ട എന്ന് തന്നെ പറയുമെന്ന് അറിയാമായിരുന്നു. വീട്ടിൽ എത്തിയ എന്നോട് വളരെ മാന്യമായ പെരുമാറ്റമായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയെക്കുറിച്ചൊക്കെ ചോദിച്ചു. ഒരു മണിക്കൂറോളം സംസാരിച്ച ശേഷമാണ് പിരിഞ്ഞത്. സാർ ഈ സംഭവം തീർച്ചയായും മറന്നുകാണും. ലെനിൻ രാജേന്ദ്രൻ, വേണു നാഗവള്ളി തുടങ്ങിയവരോടെല്ലാം ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്.

 

സിനിമയിൽ കണ്ടു പരിചയിച്ച രീതിയല്ല സി.ഐ സതീഷിനുള്ളത്? കഥാപാത്രത്തെക്കുറിച്ച് പറയാമോ?

 

കമ്മട്ടിപ്പാടത്തിന് ശേഷം ലഭിക്കുന്ന മികച്ച കഥാപാത്രമാണ് സി.ഐ സതീഷ്. 75 ദിവസത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. ആദ്യാവസാനമുള്ള മുഴുനീള കഥാപാത്രം ലഭിക്കുന്നത് ഇതാദ്യമാണ്. അയ്യപ്പൻ നായർ (ബിജുമേനോൻ) കോശി (പൃഥ്വിരാജ്) ഇവരുടെ ഇടയ്ക്ക് പക്ഷഭേദമില്ലാതെ നിൽക്കുന്ന സി.ഐ സതീഷ് ഭരണകൂടത്തിന്റെ ഭാഗമാണ്. അയാൾക്ക് ഒരു മനുഷ്യത്വത്തിന്റെ മുഖം കൂടിയാണ്. കഥാപാത്രത്തിന്റെ ആദ്യ ഡയലോഗിൽ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നത് ജനാധിപത്യ മര്യാദയാണ്. അതൊക്കെ ചെയ്യാൻ തയാറാകുന്ന ഒരു പൊലീസ് ഓഫീസറാണ് സതീഷ്. 

 

ശാന്ത മുഖഭാവമുള്ള ഒരു പൊലീസ് ഓഫീസർ കഥാപാത്രം വെല്ലുവിളിയായിരുന്നോ?

 

ഒരു കഥാപാത്രത്തെയും വെല്ലുവിളിയായി കാണേണ്ടതില്ല. ഞാൻ അടിയ്ക്കാനും ഇടിയ്ക്കാനുമൊന്നും അല്ലല്ലോ പോകുന്നത്. സംവിധായകന്റെ മനസിൽ സതീഷ് എന്ന കഥാപാത്രം എങ്ങനെ വേണമെന്നുള്ള വ്യക്തമായ ധാരണയുണ്ടായിരുന്നു. നടപ്പ്, സംസാരം, രീതികൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഞാൻ അത് മനസിലാക്കി ചെയ്തു എന്നുമാത്രം. അതല്ലാതെ കൂടുതൽ പഠനത്തിനൊന്നും പോയിട്ടില്ല. സച്ചി ചേട്ടന്റെ മനസിലുള്ള കഥാപാത്രത്തെ ഞാൻ ചെയ്തു എന്നു മാത്രം.  

 

ബിജു മേനോനും പൃഥ്വിരാജും പ്രോംപ്റ്റർ ഇല്ലാതെ ഡയലോഗ് പറയുന്ന വ്യക്തികളാണ്. ക്ലൈമാക്സിലെ സംഘടനരംഗങ്ങളിൽ ഇരുവരും ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല. കഥാപാത്രത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെടുന്ന രണ്ടുപേർക്കൊപ്പം അഭിനയിക്കുമ്പോൾ ഞാൻ കാരണം റീടേക്ക് എടുത്ത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ഒരു ഉത്കണ്ഠയൊഴിച്ചാൽ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് സി.ഐ സതീഷ്. 

 

കമ്മട്ടിപാടം മുതൽ അയ്യപ്പനും കോശിയും വരെയുള്ള സിനിമകളിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ പുലർത്താറുണ്ടോ?

 

ഞാൻ സ്റ്റീവ് ലോപ്പസിലേക്കാണ് ആദ്യമായി രാജീവേട്ടൻ (രാജീവ് രവി) വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ എന്താണ് കഥാപാത്രം എന്ന് നോക്കിയില്ല. അതിന് ശേഷം കമ്മട്ടിപ്പാടം വന്നു. ഞാനൊക്കെ ഇപ്പോഴും സിനിമയുടെ പുറമ്പോക്കിൽ നിൽക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ളവർക്കും നല്ല കഥാപാത്രങ്ങൾ കിട്ടുന്ന കാലമാണ്.  എന്നെ രാജീവ് രവിയും ജോഷി സാറും സച്ചിയും മാർട്ടിൻപ്രക്കാട്ടുമൊക്കെ വിളിച്ചപ്പോൾ കഥാപാത്രത്തെക്കുറിച്ചൊന്നും അധികം ചിന്തിക്കാൻ പോയിട്ടില്ല.  അവർ ഒരു സിനിമയിൽ വിളിച്ചല്ലോ എന്ന സന്തോഷമാണ് തോന്നിയത്.