madhav-suresh-video

വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു അരങ്ങേറ്റം കൂടി ഉണ്ടായിരുന്നു. സിനിമയിലെ സുരേഷ്ഗോപിയുടെ ആക്ഷൻസീനിൽ  ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന പയ്യനെ കാണാം. ഇത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് ആണ്. മാധവിന്റെ അഭിനയഅരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ ആക്‌ഷൻ രംഗത്തിന്റെ മേക്കിങ് വിഡിയോയിൽ മാധവിനെ കാണാം.

അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് ടേക്കിനായി തയ്യാറെടുക്കുന്നത്. മാധവ് ഈ ചിത്രത്തിൽ ഉണ്ടെന്ന കാര്യം  സംവിധായകനായ അനൂപ് സത്യൻ പോലും വെളിപ്പെടുത്തിയിരുന്നില്ല. സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുല്‍ സുരേഷ് സിനിമയിൽ സജീവമാണ്.

ദുൽഖർ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‌അനൂപ് സത്യന്‍ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സത്യൻ അന്തിക്കാട് വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ സുരേഷ്ഗോപിയെ മകൻ അനൂപ് സത്യന്‍ ശരിക്കും ഉപയോഗിച്ചുവെന്ന് സിനിമ തെളിയിക്കുന്നു. 

മാസും ക്ലാസ്സും റൊമാൻസും സൈക്കോയും എല്ലാം ഒരുമിച്ചു ചേരുന്ന സുരേഷ്ഗോപി കഥാപാത്രം തിയറ്ററിൽ കൈയ്യടി നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.