goutham-vasudev-menon

തമിഴിൽ വ്യത്യസ്തമായ പ്രണയസിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം മേനോൻ. റിയലിസ്റ്റിക്ക് പ്രണയരംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഗൗതം മോനോൻ. ഓരോ ചിത്രത്തിലെയും പ്രണയം തുറന്നുപറയുന്ന രംഗങ്ങൾ ശ്രദ്ധേയമാണ്. സ്വന്തം ജീവിതത്തിൽ നിന്നുതന്നെയാണ് പ്രചോദനമുൾക്കൊണ്ടിരിക്കുന്നത് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകനിപ്പോൾ. 

 

ഗൗതം മേനോന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വാരണം ആയിരം. അതിലെ പ്രണയരംഗത്ത് സമാനമായ ഒന്നാണ് തന്റെ ജീവിതത്തിലും നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ നായകനോട് നായിക ബസ് സ്റ്റോപ്പിലിരിക്കുമ്പോൾ വളരെ സ്വാഭാവികമായിട്ടാണ് പ്രണയം തുറന്നു പറയുന്നത്. ഗൗതം മേനോന്റെ സുഹൃത്തായ പെൺകുട്ടി (ഇപ്പോൾ ഭാര്യ)  പ്രണയം പറഞ്ഞതും ഇതുപോലെ തന്നെയാണ്. "എനിക്ക് നിന്നോടുള്ള വികാരം സൗഹൃദവും കടന്നുപോയിരിക്കുന്നു. നീ എന്നെ സുഹൃത്തായി കാണുന്നത് കൊണ്ടാണ് തുറന്നുപറയാതിരുന്നത്. എന്നാൽ ഇനി പറയാതിരിക്കാനാവില്ല", എന്നായിരുന്നു ആ വാക്കുകളെന്ന് ഗൗതം മേനോൻ ഓർത്തെടുത്തു. ഈ തുറന്നുപറച്ചിലിന് ശേഷം രണ്ടുവർഷങ്ങൾ കഴിഞ്ഞാണ് താൻ അവളോടുള്ള ഇഷ്ടം പറയുന്നത്. ആദ്യ സിനിമയ്ക്ക് മുൻപായിരുന്നു വിവാഹം. 

 

സിനിമ എടുക്കുന്ന കാലത്ത് താൻ ആരുമായിരുന്നില്ല. പ്രശസ്തിയോ പണമോ യാതൊന്നുമുണ്ടായിരുന്നില്ല. അപ്പോഴെല്ലാം ഭാര്യയാണ് താങ്ങായി ഒപ്പമുണ്ടായിരുന്നതെന്നും ഗൗതം മേനോൻ മനസ് തുറന്നു.  പ്രണയത്തെക്കുറിച്ച് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ സുഹൃത് ബന്ധത്തിനപ്പുറം അവരുടെ ജീവിതത്തില്‍ എനിക്ക് ഒരു ഇടമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.  ഒരു തീയറ്ററിൽവെച്ചാണ് ഗൗതം മോനോൻ അദ്ദേഹത്തിന്റെ പ്രണയം തുറന്നുപറയുന്നത്. ''ഞാനും നിന്നെ സ്‌നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം'' എന്നായിരുന്നു ആ മനസുതുറക്കൽ. 

 

തിരുവനന്തപുരം സ്വദേശിയായ പ്രീതി മേനോനാണ് ഗൗതമിന്റെ ഭാര്യ. വാരണം ആയിരവും വിണ്ണൈത്താണ്ടി വരുവായയും പുറത്തിറങ്ങിയപ്പോൾ ഗൗതമിന്റെ ജീവിതകഥയാണെന്ന് ആരാധകർ പറഞ്ഞിരുന്നു. എന്നാൽ സിനിമയെവെല്ലുന്ന പ്രണയ കഥയാണ് തമിഴിലെ എവർഗ്രീൻ റൊമാന്റിക് സിനിമകളുടെ സംവിധായകൻ പറയാനുള്ളത്.