തിരുവനന്തപുരം: രവി വള്ളത്തോൾ ആദ്യം അഭിനയിച്ചത് പെൺവേഷമാണ്. ‘‘മോഡൽ ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ മാർ ഈവാനിയോസിൽ പഠിക്കുമ്പോൾ ഇന്റർകൊളീ‍‍ജിയറ്റ് മത്സരങ്ങളിൽ ജഗതിക്ക് മികച്ച നടനും രവിക്ക് മികച്ച നടിക്കുമുള്ള സമ്മാനം കിട്ടി. വിമൻസ് കോളേജിലെ സംഘങ്ങൾക്കൊന്നും അന്നു മികച്ച നടിക്കുള്ള സമ്മാനം കിട്ടിയില്ല. സ്‌കൂൾ നാടകങ്ങളിൽ ജഗതി ശ്രീകുമാറായിരുന്നു കൂട്ട്.  പിൽക്കാലത്ത് തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കിയ ജഗതി ശ്രീകുമാറിന് പഠനകാലത്ത് അഭിനയിച്ച നാടകങ്ങളിലെല്ലാം സീരിയസ് വേഷങ്ങളായിരുന്നു. രവിക്ക് മിക്കതും സ്തീവേഷങ്ങളും.

 

1986ൽ തിരുവനന്തപുരം ദൂരദർശന്റെ ആദ്യ പരമ്പര ‘വൈതരണി ’ യുടെ ആദ്യ അധ്യായങ്ങളുടെ ആദ്യ പ്രദർശനത്തിൽ സംവിധായകൻ കൂടിയായ പി ഭാസ്കരൻ പറഞ്ഞു. ‘‘ഇതിലെ പുതുമുഖമായ രവി വള്ളത്തോൾ ടി. വിയിൽ മാത്രമല്ല നാളത്തെ മലയാള സിനിമയ്‌ക്കും വാഗ്‌ദാനമാണ്.’ പിന്നീട് പിന്നീട് പതിറ്റാണ്ടുകൾ സീരിയലുകളിൽ നിത്യസാന്നിധ്യമായി രവി. ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ പലതും ചെയ്തെങ്കിലും സീരിയലുകളിലെ പ്രാമുഖ്യത്തിനോടു കിടപിടിക്കുന്ന രീതിയിൽ സിനിമാ വേഷങ്ങൾ രവിയെത്തേടി എത്തിയില്ല. 

 

വൈതരണിയിൽ രവിക്കൊപ്പം പിന്നീട് പ്രശസ്തരായ രണ്ടാളുകൾ കൂടി വേഷമിട്ടു. നടൻ പ്രേംകുമാറും സംവിധായകൻ രഞ്‌ജിത്തും. സീരിയലിലെ അഭിനയം കണ്ട് പത്മരാജൻ .’നിനക്ക് ഒരു പ്രസൻസ് ഫീൽ ചെയ്യിക്കാൻ പറ്റുന്നുണ്ട്. പക്ഷേ ചലനത്തിലും സംഭാഷണത്തിലും ഒരു മന്ദഗതിയുണ്ട്. ഒന്നുകൂടി ചടുലമാക്കണം.’ എന്നു പറഞ്ഞു. പത്മരാജന്റെ വാക്കുകൾ സ്വയം നന്നാക്കാൻ തന്നെ സഹായിച്ചതായി രവി പറഞ്ഞിരുന്നു.

 

‘അരുണ‘ എന്ന പരമ്പരയിലെ തന്റെ കഥാപാത്രത്തെപ്പറ്റി മാധവിക്കുട്ടി അളവില്ലാത്ത പ്രശംസ ചൊരിഞ്ഞത് രവി ആസ്വദിച്ചു. ’രവി അവതരിപ്പിച്ചത് ഒരു ഒന്നാംകിട ഭർത്താവിനെ ആണ്. ഇങ്ങനത്തെ ഭർത്താവിനെ കിട്ടാൻ  ഏതൊരു സ്‌ത്രീയും ആഗ്രഹിക്കും’. റേഡിയോ , നാടിന്റെ ഹൃദയവും അതിലെ താരങ്ങൾ ജനത്തിന്റെ സ്പന്ദനവുമായിരുന്ന കാലത്തെ സൂപ്പർ താരങ്ങളായിരുന്നു ജഗതി എൻ കെ ആചാരിയും ടിഎൻ ഗോപിനാഥൻ നായരും നാഗവള്ളി ആർ എസ് കുറുപ്പുമൊക്കെ. സ്വാഭാവികമായും ഇവരുടെ സൗഹൃദം അടുത്ത തലമുറയിലേക്കും വളർന്നു.

 

മകൻ ജഗതിയും ടി എന്നിന്റെ മകൻ രവിയും ആ അടുപ്പം ദീർഘകാലം തുടർന്നു. അടുത്ത സുഹൃത്തായിരുന്നുവെങ്കിലും വേണു നാഗവള്ളിയുടെ സിനിമകളിൽ രവിക്കു വേഷങ്ങളുണ്ടായില്ല. വേണു രോഗാതുരനായ അവസ്ഥയിൽ ഇരുവരും കണ്ടപ്പോൾ ഇതിലുള്ള ഖേദം വേണു തുറന്നു പറഞ്ഞത് രവി പീന്നീട് ഓർത്തെടുത്തിരുന്നു.

 

സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാനാവാത്തതിലെ സ​ങ്കടം രവി സംഭാഷണങ്ങളിൽ മറച്ചു വച്ചില്ല. സത്യന്റെ ഗ്രാമീണ കഥാപാത്രങ്ങൾ തന്റെ സ്വഭാവവുമായി ചേർന്നു നിൽക്കുന്നതുകൊണ്ടാവാം ആ നഷ്ടബോധമെന്നു രവി വിശദീകരിച്ചു. ഗുണ്ടയായോ പൊലീസായോ തനിക്കു അഭിനയിച്ചു തകർക്കാനാവില്ലെന്നു രവിക്ക് അറിയാമായിരുന്നു. തന്നെ തേടി വരാത്തതൊന്നും വെട്ടിപ്പിടിക്കാൻ തനിക്കു കഴിവില്ലെന്നും.