ആരാണ് ഈ ക്ലാര? തൂവാനത്തുമ്പികളിലെ മണ്ണാര്‍തൊടി ജയകൃഷ്ണനെ മോഹിപ്പിച്ച ക്ലാര സംവിധായകന്‍ പി. പത്മരാജന്‍ സ്വന്തം ജീവിതാനുഭവത്തില്‍ നിന്ന് കണ്ടെത്തിയ കഥാപാത്രമാണോ? അതോ മറ്റാരെങ്കിലുമാണോ?...... ചിത്രത്തിന്റെ നിര്‍മാതാവായ പി. സ്റ്റാന്‍ലി വെളിപ്പെടുത്തുന്നു. ചലച്ചിത്രാസ്വാദന രീതികള്‍ തന്നെ മാറ്റിമറിച്ച തൂവാനത്തുമ്പികള്‍ ആദ്യമായി തീയറ്ററുകളിലെത്തിയത് ഒരുജൂലൈ 31 നാണ് . 1987 ജൂലൈ 31 ന്.
കൊല്ലത്തെ ആദ്യകാല കമ്മൂണിസ്റ്റ് നേതാക്കളിലൊരാളായ പൊലിക്കാര്‍പ്പിന്റെ മകനാണ് സ്റ്റാന്‍ലി. മൂന്നരപ്പതിറ്റാണ്ടിലേറെ സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു. എ. വിന്‍സെന്റ് , തോപ്പില്‍ഭാസി എന്നിവര്‍ക്കൊപ്പവും ഒട്ടേറെ സിനിമകള്‍ക്ക് വിയര്‍പ്പൊഴുക്കി. തൂവാനത്തുമ്പികള്‍ക്ക് പുറമെ വരദക്ഷിണ, മോചനം, രാജന്‍ പറഞ്ഞ കഥ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു, ധാരാളം ചിത്രങ്ങള്‍ വിതരണം ചെയ്തു. ഏറെക്കാലമായി ചെന്നൈയിലെ സിനിമാമേഖലവിട്ട് ഏറെക്കാലമായി തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ താമസിക്കുന്ന ഈ എഴുപത്തഞ്ചുകാരന്റെ സഞ്ചാരം ഇപ്പോള്‍ എഴുവഴികളിലൂടെയാണ്. മൂന്നുവര്‍ഷത്തിനിടെ അഞ്ചുനോവലുകളും ഒരുചെറുകഥാ സമാഹാരവും വാസ്തുസമീക്ഷ എന്ന ശാസ്ത്രപുസ്തകവും രചിച്ചു.