രജനികാന്തും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ദളപതി ഇന്നും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ്. ആക്ഷനും ഗാനരംഗങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും ദളപതിയെ ഹിറ്റ് ചിത്രമാക്കി. ദളപതിയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം നടി ശോഭന ഒരു തമിഴ് മാധ്യമത്തോടെ പങ്കുവച്ചു.
‘ദളപതിയിൽ അഭിനയിക്കുമ്പോൾ എനിക്ക് 20 വയസ്സുമാത്രമായിരുന്നു പ്രായം. അന്ന് ഞാൻ മലയാളത്തിൽ അതേ സമയത്ത് തന്നെ രണ്ട് സിനിമകൾ ചെയ്തിരുന്നു. അതിന് ശേഷമാണ് ദളപതിയിൽ അഭിനയിക്കാൻ വന്നത്. അതിനിടെ വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. എനിക്കാണെങ്കിൽ വീട്ടിലേക്ക് പോകാനും അമ്മയെ കാണാനും വല്ലാത്ത മോഹം. ഞാൻ അത് മണിരത്നത്തോട് പറയുമ്പോൾ അദ്ദേഹം പറയും, നാളെ പോകാം, മറ്റന്നാൾ പോകാം അങ്ങനെ... അങ്ങനെ’.
‘ഒരു ദിവസം വീട്ടിലേക്ക് പോകാൻ അനുവാദം കിട്ടി, ടിക്കറ്റ് ബുക്ക് ചെയ്ത് സന്തോഷത്തോടെ ഞാൻ പോകാൻ തയ്യാറെടുത്തു. ഒരു ഷോട്ട് കൂടെ തീർത്തിട്ട് വേണം പോകാൻ. എന്നാൽ അത് വിചാരിച്ചപോലെ തീർന്നില്ല. അപ്പോൾ മണി പറഞ്ഞു, ശോഭന നാളെ ഈ രംഗം എടുത്ത് തീർത്തിട്ടു പോകാമെന്ന്. എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാൻ കരയാൻ തുടങ്ങി. മറ്റുള്ളവർ കാണാതിരിക്കാൻ ഒരിടത്ത് മാറിയിരുന്നാണ് ഞാൻ കരഞ്ഞത്. എന്നാൽ അത് മമ്മൂട്ടി കണ്ടു. എന്താണ് കരയുന്നതെന്ന് ചോദിച്ചു.’
“വീട്ടില്‍ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്നും ഞാന്‍ പറഞ്ഞു. ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്… വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു.
ശിവ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഓർമയും ശോഭന പങ്കുവച്ചു. രജനി നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് ശോഭന പറയുന്നു.
ശിവ എന്ന ചിത്രത്തിൽ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീൻ ഉണ്ടായിരുന്നു. രജനികാന്ത് ആ സീൻ വേണ്ടെന്ന് പറഞ്ഞു. എന്നാൽ സംവിധായകൻ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലു പിടിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. തലെെവർ എന്തിന് നിങ്ങളുടെ കാൽ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോൾ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആർക്കും മറിച്ചൊരു അഭിപ്രായം പറയാൻ കഴിയില്ല''- ശോഭന കൂട്ടിച്ചേർത്തു.