മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ സംവിധായകന് എ.ബി.രാജ് ചെന്നൈയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചെന്നൈയില്‍ നടക്കും. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ എ.ബി.രാജ് ഒരുക്കിയ മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
ചെയ്തതില്‍ ഭൂരിഭാഗവും ഹിറ്റാക്കിയ സംവിധായകൻ.സേതുമാധവനൊപ്പം രണ്ടു പതിറ്റാണ്ടിലേറെ മലയാള സിനിമയെ നിയന്ത്രിച്ച സംവിധാക പ്രതിഭ. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും മകനായി മധുരയിൽ 1929 ൽ ജനനം. പഠിച്ചതും വളർന്നതും എല്ലാം തമിഴ് നാട്ടിൽ ആയിരുന്നെങ്കിലും രാജ് വിജയ കൊടി പാറിച്ചതു മലയാള സിനിമയിൽ. സേലം മോഡേൺ തീയേറ്ററിൽ അപ്രന്റീസ് ആയി ചേർന്ന രാജ് തുടക്കതിൽ കുറച്ചു കാലം ശ്രീലങ്കയിൽ ആയിരുന്നു.
തിരികെ ചെന്നൈയിലെത്തിയ രാജ് കളിയല്ല കല്യാണം എന്ന ചിത്രത്തിലൂടെ ആണ് മലയാള സംവിധാന രംഗത്തേക്ക് വരുന്നത്. പിന്നീടങ്ങോട്ട് തിയേറ്ററുകളെ ആൾക്കൂട്ട ആവേശങ്ങൾകൊണ്ട് നിറച്ച സിനിമകളുടെ കുത്തൊഴുക്കുമായിരുന്നു. സത്യൻ, നസീർ തുടങ്ങിയ സൂപ്പർസ്റ്ററുകളെ അണിനിരത്തിയ രാജ് പടങ്ങൾ എല്ലാം ഹിറ്റുകളായി. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പത്തെ കുറിച്ച് സേത്രാജ് പറഞ്ഞപ്പോൾ രാജിന്റെ ചിത്രങ്ങൾ പാട്ടും ഡാൻസും ആക്ഷനും എല്ലാം ചേർന്ന തട്ടുപൊളിപ്പൻ ആളെക്കൂട്ടി ചിത്രങ്ങളായിരുന്നു. കണ്ണൂർ ഡീലക്സ്, ഡൈജർ ബിസ്ക്കറ് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, സൂര്യവംശം, അടിമച്ചങ്ങല, ഹണിമൂൺ, രഹസ്യരാത്രി തുടങ്ങി 65 സിനിമകളാണ് രാജിന്റേതായി മലയാളത്തിൽ പുറത്തിറങ്ങിയത്.
ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പൂമാൻ എന്നീ തമിഴ് സിനിമകളും 11 സിംഹള സിനിമകളും രാജിന്റേതായിട്ടുണ്ട്. സംവിധായകരായ ഐ വി. ശശി, ഹരിഹരൻ , ചന്ദ്രകുമാർ രാജശേഖരൻ തുടങ്ങിയവർ ശിഷ്യരാണ്. പ്രമുഖ തെന്നിഇന്ത്യൻ നടി ശരണ്യ പൊൻവണ്ണന്‍ മകളാണ്.