മമ്മൂട്ടി നായകനായ രാജമാണിക്യം റീലീസ് ചെയ്തതിന്റെ പതിനഞ്ചാം വർഷമായിരുന്നു ഇന്നലെ. സിനിമയിലെ മമ്മൂട്ടിയുടെ ശരീരഭാഷയും സംസാരവുമെല്ലാം വ്യത്യസ്തമായിരുന്നു. എന്നാൽ രാജമാണിക്യത്തെക്കുറിച്ച് അധികമാരും അറിയാത്ത കഥകളാണിത്. 

രാജമാണിക്യം സിനിമയെക്കുറിച്ച് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്:

''എന്‍റെ സിനിമാജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നത് മമ്മൂക്കയായിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു അദ്ദേഹത്തോടു ഞാന്‍ അഭിപ്രായം ചോദിക്കാറുണ്ട്. 'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ എനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്‍റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്നൊരു ടെന്‍ഷന്‍. ഇടയ്ക്ക് ഈ റോള്‍ വേണ്ടെന്നു വച്ചാലോ എന്നുവരെ ആലോചിച്ചു. ഇക്കാര്യം മമ്മൂക്കയോടു അവിടെ വച്ചുതന്നെ പറഞ്ഞു. ‘രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക’ ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതുതന്നെ സംഭവിച്ചു. 'തിരോന്തോരം' സ്‌റ്റൈലിലുള്ള ഡയലോഗ് പ്രസന്‍റേഷനില്‍ പടം ഹിറ്റായി എന്‍റെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു''. 

രഞ്ജിത്തിൽ നിന്നും അൻവർ റഷീദിലേക്ക്...

ചന്ദ്രോത്സവത്തിനു ശേഷമാണ് രാജമാണിക്യം ചെയ്യാൻ രഞ്ജിത്തിന് അവസരം ലഭിക്കുന്നത്. ചന്ദ്രോത്സവത്തിന്റെ പരാജയ ക്ഷീണത്തിലായിരുന്ന രഞ്ജിത്തിന് ഉടനെ മറ്റൊരു സിനിമ ചെയ്യാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ര​ഞ്ജിത്ത് തന്നെയാണ് അൻവർ റഷീദിനെ വിളിപ്പിച്ചത്.  ഒരു സിനിമ ചെയ്യാന്‍ കാത്തിരുന്ന അന്‍വര്‍ സന്തോഷത്തോടെയാണ് അത് ഏറ്റെടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് അന്‍വര്‍ തന്‍റെ ആദ്യസിനിമ പൂര്‍ത്തിയാക്കി. വലിയ വീട്ടിൽ പ്രൊഡക്ഷൻസിനു വേണ്ടി രഞ്ജിത്ത് അടുത്ത വര്‍ഷം വേറൊരു സിനിമ ചെയ്തു കൊടുക്കുകയും ചെയ്തു. അതാണ് പ്രജാപതി (2006).

'ബെല്ലാരി രാജ' ആയ വഴി

കേരള കര്‍ണ്ണാടക ബോര്‍ഡറില്‍ പാരലല്‍ കോളേജ് നടത്തുന്ന ഒരാളുടെ കഥയായാണ് രാജമാണിക്യം രൂപപ്പെട്ടത്. എന്നാൽ കഥയിൽ പിന്നീട് മാറ്റങ്ങൾ വന്നു. പാരലല്‍ കോളജ് നടത്തുന്ന ഒരാളായി മമ്മുക്ക തന്നെ മുന്‍പ് കോട്ടയം കുഞ്ഞച്ചനില്‍ വന്നിട്ടുണ്ട്. അങ്ങനെയാണ് കഥ  ബെല്ലാരിയില്‍ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരനിലേക്ക് എത്തുന്നത്.  കെല്ലാ മുഹമ്മദ് സാഹിബിനെ പോലെ ബെന്‍സ് കാറുകളോട് പ്രിയമുള്ള ഒരാള്‍. പിന്നെ കഥ വികസിച്ചു. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീര്‍ത്തത്. മാണിക്യത്തിന്‍റെ ഭാഷയില്‍ ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.  ആയിടക്കാണ് മമ്മൂക്ക സുരാജിന്‍റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. അങ്ങനെ അദ്ദേഹം സുരാജിനെ വിളിപ്പിച്ചു. ആ ഭാഷയിൽ ഒന്ന് സംസാരിപ്പിച്ചു. പിന്നെ മമ്മൂക്ക തന്നെ ആ ഭാഷയിൽ ഒന്നുരണ്ട് ഡയലോഗ് പറഞ്ഞു നോക്കി. ഷൂട്ടിംഗ് സമയത്ത് സുരാജ് കൂടെയുണ്ടായിരുന്നു. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മൂക്കയ്ക്ക് പറഞ്ഞു കൊടുത്തു. നേരത്തെ പല ഭാഷ ശൈലികളും കൈകാര്യം ചെയ്തിട്ടുള്ള മമ്മൂക്ക അത് പെട്ടെന്നു തന്നെ സ്വായത്തമാക്കി.

രാജമാണിക്യം റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം തന്നെ കലാഭവന്‍ മണി കൂട്ടുകാര്‍ക്കൊപ്പം പോയി സിനിമ കണ്ടു. തിയേറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ മണി മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു, 'മമ്മൂക്ക, ബെല്ലാരി രാജ ഡബിള്‍ സ്‌ട്രോങാണ് കേട്ടോ. അടാര്‍ ഐറ്റം. കൊമ്പനോട് കൊമ്പ് കോര്‍ക്കാന്‍പോന്ന ഒരു പോരുകാളയെയാണ് എനിക്ക് നഷ്ടമായത്'. ഇത് കേട്ട് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു, 'പോയത് പോട്ടെ മണീ.. സിനിമയല്ലേ.. ഇതിലും വലുത് നാളെ വരും' എന്ന്. 

മമ്മൂക്കയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി രാജമാണിക്യം. പിന്നീട് ഇവരൊന്നിച്ച അണ്ണൻ തമ്പിയും(2008) ഒരു സൂപ്പർ ഹിറ്റ് ആയി.