കുഴിച്ചു മൂടപ്പെട്ട രഹസ്യങ്ങള്‍ വീണ്ടും ചികഞ്ഞെടുക്കുമോ? പ്രേക്ഷകരുടെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. എന്നാല്‍ അതിലുമുപരി ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിങ് തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കാനായോ എന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്. എന്തായാലും ടെന്‍ഷന്‍ വേണ്ട. വിചാരിച്ചതിലും  10 ദിവസം മുൻപ് പാക്കപ്പ് പറഞ്ഞു ജീത്തു ജോസഫ് സിനിമാ ലോകത്തെ ഞെട്ടിച്ചു. 

 

കോവിഡ് പ്രതിസന്ധികൾ മൂലം ഷൂട്ടിങ് നീളാൻ സാധ്യതയുണ്ടെന്നു കണക്കുകൂട്ടിയാണ് 56 ദിവസത്തെ ഷെഡ്യൂൾ ആസൂത്രണം ചെയ്തതെന്നു ജിത്തു പറയുന്നു. കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു. ഓരോ ദിവസത്തെയും ചിത്രീകരണം. സെറ്റിലെത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു ആദ്യ പടി. പരിശോധനാ ഫലം ലഭിച്ചു നെഗറ്റീവായവരെ മാത്രമാണ് സെറ്റിലേക്കു പ്രവേശിപ്പിച്ചത്. താരങ്ങളും അണിയറ പ്രവർത്തകരും താമസിക്കുന്ന ഹോട്ടലുകളിൽ മറ്റുള്ളവരെ പ്രവേശിപ്പിച്ചില്ല. 

 

സംവിധായകനായ ഞാൻ അടക്കം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പ്രത്യേകം ആൾക്കാരെ നിയോഗിച്ചിരുന്നു. കോവിഡ് കാലത്തെ ഷൂട്ടിങ്ങ് അണിയറയിലെ പലർക്കും ആദ്യ അനുഭവമായിരുന്നു. അതുകൊണ്ടു തന്നെ ആദ്യത്തെ രണ്ടു ദിവസം എല്ലാവർക്കും ചെറിയ അങ്കലാപ്പുണ്ടായിരുന്നു. പക്ഷേ, പിന്നീട് കാര്യങ്ങൾ എളുപ്പത്തിലായി. കോവിഡ് കൊണ്ടുവന്ന ചിട്ട ഷൂട്ടിങ് പൂർത്തിയാകുന്നതു വരെ നിലനിർത്താൻ സാധിച്ചു. 56 ദിവസം കൊണ്ടു പൂർത്തിയാക്കാൻ നിശ്ചയിച്ച സിനിമ 46 ദിവസത്തിൽ തീർത്തു. ചിത്രീകരണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടുമില്ല. ദൃശ്യം ഒന്നിലെ പോലെ ഔട്ട്ഡോർ സീനുകളും ദൃശ്യം രണ്ടിലുണ്ട്. 

 

കാഞ്ഞാർ കൈപ്പ കവലയിൽ എത്തുന്നവർ സ്ഥലം മാറിപ്പോയോ എന്ന് അമ്പരക്കാൻ സാധ്യതയുണ്ട്. ഹൈറേഞ്ചിൽ നിന്നു മലയിറങ്ങിയതു പോലെ രാജാക്കാട് പൊലീസ് സ്റ്റേഷനും അനുബന്ധകെട്ടിടങ്ങളുമൊക്കെയായി ഒരു തെരുവ് തന്നെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണിവിടം. 

 

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് മലങ്കര ജലാശത്തിന്റെ തീരമായ  കൈപ്പ കവല. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ, എന്നിയുടെ സെറ്റുകളും ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെ നിന്നായിരുന്നു ചിത്രീകരിച്ചത്. 

 

വരുണിനെ കുഴിച്ചുമൂടിയ പഴയ പൊലീസ് സ്റ്റേഷനും ഇപ്പോഴുള്ള പുതിയ പൊലീസ് സ്റ്റേഷനുമൊക്കെ കാണാം. ദൃശ്യം രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ സെറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇവിടെ തുടങ്ങിയിരുന്നു.