സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു എ.ആർ.റഹ്മാന്റെ മകൾ ഖദീജ റഹ്മാന്റെ വസ്ത്രധാരണം. തനിയ്ക്ക് റഹ്മാന്റെ മകളെ കാണുമ്പോൾ വീർപ്പുമുട്ടൽ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്‌ലീമ നസ്റിന് മൂർച്ചയേറിയ വാക്കുകൾ കൊണ്ട് ഖദീജ മറുപടി നൽകിയതും 

ശ്രദ്ധിക്കപ്പെട്ടു. പൊതുവേദികളിൽ ഉൾപ്പെടെ എല്ലായിടത്തും മുഖം മറച്ചു പ്രത്യക്ഷപ്പെടുന്ന ഖദീജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞിരുന്നു. ഈയടുത്ത കാലത്ത് റഹ്മാന്റെ സംഗീതത്തിൽ ഖദീജ ആലപിച്ച് പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനത്തെക്കുറിച്ചു ദേശീയ മാധ്യമത്തോടു സംസാരിക്കവെ വിമർശനങ്ങളെക്കുറിച്ച് ഖദീജ മനസ്സ് തുറന്നു. 

 

‘മുഖം മറച്ചു എന്നതിന്റെ പേരിൽ എനിയ്ക്കെതിരെ ഇത്തരം വിമർശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉയരുന്നതു കണ്ടപ്പോൾ തുടക്കത്തിൽ വളരെ സങ്കടവും പ്രയാസവും തോന്നിയിരുന്നു. അതൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ബുർഖ ധരിക്കാൻ ഞാൻ എടുത്ത തീരുമാനത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കെന്നും അഭിമാനമാണ്.– ഖദീജ പറഞ്ഞു.

 

മകളുടെ വസ്ത്രധാരണം സംബന്ധിച്ച ചർച്ചകളിൽ എ.ആർ.റഹ്മാനും പ്രതികരണം അറിയിച്ചിരുന്നു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ മകൾ ബുർഖ ധരിച്ച കൂടുതൽ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു