പൂപ്പൽ പിടിച്ച ടെന്റ് നൽകി യുട്യൂബ് വ്ലോഗറെ പറ്റിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി നടൻ അമിത് ചക്കാലയ്ക്കൽ. ടെന്റ് നേരിട്ടു കണ്ടതിനു ശേഷമാണ് യുട്യൂബർ അതു വാങ്ങിയതെന്നും തന്നെ തെറ്റുകാരനാക്കി വിഡിയോ ചെയ്ത സംഭവത്തിൽ മാനനഷ്ടത്തിനു കേസ്‍ നൽകിയിട്ടുണ്ടെന്നും അമിത് മനോരമ ഓൺലൈനിനോടു വെളിപ്പെടുത്തി.
‘എന്റെ യാത്രകൾക്കു വേണ്ടി കഴിഞ്ഞ ഫെബ്രുവരിയിൽ വണ്ടിയുടെ റൂഫിൽ വയ്ക്കുന്നൊരു ടെന്റ് മേടിച്ചിരുന്നു. ആഫ്രിക്കയിൽ ജിബൂട്ടിയുടെ ഷൂട്ടിനു പോകുന്നതിനു മുമ്പ് ഒരുതവണ ഈ ടെന്റ് ഞാൻ ഉപയോഗിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞു തിരിച്ചു വന്നാൽ ഉടൻ ഇതുമായി ഓൾ ഇന്ത്യ ട്രിപ്പ് പോകണമെന്നായിരുന്നു പദ്ധതി. പക്ഷേ കോവിഡ് പ്രതിസന്ധി മൂലം തിരിച്ചെത്തിയത് ജൂണിലാണ്. യാത്രകൾക്കു വിലക്കും വന്നു. അങ്ങനെ കയ്യിലുണ്ടായിരുന്ന വണ്ടി കൊടുത്തു. ടെന്റ് ഊരി മാറ്റി. പിന്നെയെപ്പോഴെങ്കിലും യാത്ര പോകാമെന്നു വിചാരിച്ചു.
വണ്ടി കൊടുക്കുന്നതിനു തൊട്ടു മുമ്പ് ഇടുക്കിയിൽ യാത്ര പോയിരുന്നു. ആ വിവരങ്ങൾ ഞാൻ എന്റെ പേജിൽ അറിയിച്ചിട്ടുണ്ടായിരുന്നു. ഇത് കണ്ടിട്ടാണ് ട്രാവൽ വ്ലോഗർ എന്നെ വിളിക്കുന്നത്. ഈ ടെന്റ് മേടിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു. അങ്ങനെ ഞാൻ ഈ കമ്പനിയുടെ ഓൾ ഇന്ത്യ സപ്ലെയറെ വിളിച്ചു. പക്ഷേ സാധനം സ്റ്റോക്ക് ഇല്ലായിരുന്നു. ആ വ്ലോഗർക്ക് ജനുവരിയിൽത്തന്നെ ട്രിപ്പ് പോകണമെന്ന് നിർബന്ധമായിരുന്നു. അങ്ങനെ എന്റെ ടെന്റ് വേണമെന്നായി. ഞാനും അത് ഇപ്പോൾ ഉപയോഗിക്കുന്നില്ല. എന്റെ ഓൾ ഇന്ത്യ ട്രിപ് മുടങ്ങി, അദ്ദേഹത്തിന്റെെയങ്കിലും ട്രിപ് നടക്കട്ടെ എന്ന ചിന്തയിലാണ് ഇത് കൊടുക്കുന്നത്.
ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. പുതുവര്‍ഷത്തിന്റെ അന്ന് എന്റെ വീടിനടുത്തുളള വർക്ക്ഷോപ്പിൽ വച്ച് ഈ ടെന്റ് ഫിറ്റ് ചെയ്യാനുള്ള സ്റ്റാൻഡ് അടക്കം ഉണ്ടാക്കി കൊടുത്തിരുന്നു. അദ്ദേഹം അവിടെ വന്ന് അത് വണ്ടിയിൽ ഫിക്സ് ചെയ്തു. ടെന്റിന്റെ ഫോട്ടോയും ഇതിനിടെ ഞാൻ അയച്ചുകൊടുത്തിരുന്നു. അദ്ദേഹം ഇവിടെ വന്ന് സ്റ്റാൻഡ് ഫിക്സ് ചെയ്യുന്നതൊക്കെ വർക്ക്ഷോപ്പിലെ സിസിടിവിയിൽ ഉണ്ട്.
വിഡിയോയിൽ അദ്ദേഹം ആരോപിക്കുന്ന കാര്യം, പുതിയ ടെന്റ് തരാമെന്നു പറഞ്ഞ്, ഞാൻ പഴയത് കൊടുത്തുവെന്നാണ്. ഈ ടെന്റ് ഞാൻ രണ്ടു തവണ ഉപയോഗിച്ച കാര്യം പബ്ലിക്കായി പറഞ്ഞിട്ടുള്ളതാണ്. അത് അദ്ദേഹവും കണ്ടതാണ്. ‘എന്റെ ടെന്റ് കണ്ടിട്ടില്ല’, ആ സമയം ഗോവയിൽ ആയിരുന്നുവെന്നൊക്കെയാണ് പറയുന്നത്. എന്നാൽ ഇതേ ടെന്റ് തന്നെ വണ്ടിയിൽ ഫിക്സ് ചെയ്യുന്ന സമയത്ത് ഇതു തുറന്നുനോക്കി അതിന്റെ കറയും കാര്യങ്ങളുമൊക്കെ കണ്ടതാണ്. ആ സമയത്ത് ഇത് വേണ്ടെന്നു പറയാമായിരുന്നു. ‘സ്വന്തമായി പെയിന്റ് ചെയ്തോളം ചേട്ടാ, കുഴപ്പമില്ല’ എന്നാണ് പറഞ്ഞത്.
ഓൾ ഇന്ത്യ ട്രിപ്പ് അത്യാവശ്യമായി നടത്തണം എന്നായിരുന്നു ടെന്റ് കൊണ്ടുപോകുമ്പോൾ പറഞ്ഞത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞ് ഇദ്ദേഹം എന്നെ വിളിച്ചു. ‘കുറച്ച് യുട്യൂബേഴ്സ് കൂടിയാണ് ട്രിപ്പ് പോകുന്നത്, അതിനിടെ ഈ ടെന്റ് ഇങ്ങനെ കണ്ടാൽ അതു നിങ്ങൾക്കു തന്നെ മോശമാകുമെന്നും’ പറഞ്ഞു. അതിൽ ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. രണ്ടുമൂന്ന് ആഴ്ച മുമ്പ് ഇതു മേടിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഇതിനു പെയിന്റ് അടിക്കാൻ പൈസ നൽകണമെന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. അങ്ങനെ പൊലീസ് സ്റ്റേഷനിൽനിന്ന് ഒരു ഫോൺ വന്നു. പൈസ നൽകിയ ഒരാൾക്ക് സാധനം നൽകിയില്ലെന്നു പറഞ്ഞു പറ്റിച്ചെന്നാണ് പരാതി. അപ്പോൾത്തന്നെ, വിളിച്ച പൊലീസുകാരന് എന്റെ കയ്യിലുള്ള വിവരങ്ങളെല്ലാം ഞാൻ നൽകുകയും ചെയ്തു. പിന്നെ അതിനെക്കുറിച്ച് കോൾ ഒന്നും ഉണ്ടായില്ല. എന്നാൽ പരാതിയേക്കാൾ ഉപരിയായി അവിടെനിന്നു വിഡിയോ എടുക്കാനാണ് പരാതിക്കാരൻ വന്നതെന്ന് അവിടെയുള്ള പൊലീസുകാരൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു.
പിന്നെ കുറച്ചുദിവസം കഴിഞ്ഞ് ഇയാൾ ഒരുപാട് തവണ കോൾ ചെയ്ത് ശല്യപ്പെടുത്തി. അവസാനം എന്റെ ക്ഷമ നശിച്ചതിനുശേഷമുള്ള കാര്യങ്ങളാണ് അയാൾ വിഡിയോയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരാളെ അതിന്റെ അങ്ങേയറ്റം വെറുപ്പിക്കണമെന്ന് തീരുമാനിച്ച് വിളിക്കുകയും ഇതൊന്നുമറിയാതെ ഞാൻ സംസാരിക്കുകയും ചെയ്യുന്നു. അതിൽ ഞാൻ ദേഷ്യപ്പെടുന്നുണ്ട്. പക്ഷേ ആരെയും ചീത്തവിളിച്ചിട്ടില്ല. ഏതറ്റം വരെയും പോരാടുമെന്നും ഞാൻ പറഞ്ഞു. ഇതൊക്കെ വളച്ചൊടിച്ചാണ് അദ്ദേഹം കാണിച്ചത്. ആ ടെന്റ് കാരണം ട്രിപ്പ് മുടങ്ങിയെന്നു പറഞ്ഞ ആൾ ഇതേ ടെന്റ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്.
എന്നെ തെറ്റുകാരനാക്കി അദ്ദേഹം ഉപയോഗിച്ച വിഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇതു ബാധിക്കുന്നത് ഒരു സിനിമയെ മുഴുവനാണ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പോസ്റ്ററിനു താഴെ വരെ അസഭ്യവർഷമാണ്. ടെന്റ് കള്ളൻ എന്നൊക്കെയാണ് കമന്റ്. ഇതൊക്കെ സിനിമയെയാണ് ബാധിക്കുന്നത്. ആ സമയത്ത് ഞാൻ പ്രതികരിച്ചില്ല. പിന്നീട് പ്രശസ്തനായ മറ്റൊരു യുട്യൂബ് വ്ലോഗർ എന്നെ വിളിച്ചു. ഇതിൽ മാനനഷ്ടത്തിനു കേസ് കൊടുക്കണമെന്നു പറഞ്ഞു. സൈബർ പൊലീസിൽ പരാതി നൽകി. നാളെ നിങ്ങൾക്കും സമാനമായ സംഭവം ഉണ്ടാകാം. പക്ഷേ പ്രതികരിക്കാതെ പൊലീസിൽ പരാതിപ്പെടുക. ഞാൻ തെറ്റ് ചെയ്തോ എന്നു തെളിയാതെ, കേസ് നൽകാതെയാണ് എന്റെ പേര് ഉപയോഗിച്ച് വിഡിയോ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണത്. എന്റെ സിനിമയ്ക്ക് നഷ്ടമുണ്ടായാൽ അതും നൽകേണ്ടി വരും.’ –അമിത് പറയുന്നു.