പാർവതി തിരുവോത്തിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. താനടക്കമുള്ള പുരുഷ സമൂഹത്തിന് ചൂണ്ടുപലകയാണ് പാർവതിയെന്നും തിരുത്തലുകൾക്ക് തയ്യാറാകാൻ മനസുള്ളവർക്ക് അവർ അധ്യാപികയാണെന്നും കെട്ടകാലത്തിന്റെ പ്രതീക്ഷയാണെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പിങ്ങനെ: ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി...തിരുത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്...'
സമരം ചെയ്യുന്ന കർഷകർക്കൊപ്പമാണ് താനെന്നും കോപ്പി പേസ്റ്റ് ചെയ്ത് പ്രൊപഗാൻഡയുടെ ഭാഗമാകുന്ന സെലിബ്രിറ്റികളുടേത് മ്ലേച്ഛമായ പ്രവർത്തിയാണെന്നും കഴിഞ്ഞ ദിവസം പാർവതി തുറന്നടിച്ചിരുന്നു.
‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്നുവെന്നുമായിരുന്നു താര സംഘടനയായ അമ്മയുടെ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ ഭാരവാഹികളായ സ്ത്രീകൾക്ക് ഇരിപ്പിടം ലഭിക്കാതിരുന്നതിനോട് അവർ പ്രതികരിച്ചത്. ഇതിന് പിന്നാലെ രചന നാരായണൻകുട്ടിയും ഹണി റോസും പ്രതികരിച്ചുവെങ്കിലും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നു. തുടർന്ന് ' ആരാണ് പാർവതി' എന്നും തനിക്ക് വേണ്ടി മറ്റാരും സംസാരിക്കേണ്ടെന്നും രചനാ നാരായണൻകുട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചു.