mammootty-priest-sucess

‘പോസ്റ്ററൊട്ടിക്കുന്നവർ, ഓട്ടോ തൊഴിലാളികൾ, തിയറ്ററിന് മുന്നിൽ ചെറുകച്ചവടം നടത്തുന്നവർ, കാന്റീൻ തൊഴിലാളികൾ,  തിയറ്റർ ഉടമകൾ...’ അങ്ങനെ ഒന്നിനൊന്നായി ചേർന്ന് കിടക്കുന്ന സിനിമാമേഖല പുതുആവേശത്തിലാണ്. ഒടിടിയിൽ വമ്പൻ ഓഫർ വന്നിട്ടും എല്ലാവരെയും മനസിൽ കണ്ട് നീട്ടി വച്ച പ്രീസ്റ്റിന്റെ റിലീസ് ഇപ്പോൾ ഗുണം ചെയ്തുവെന്ന് ഉറപ്പിച്ച് പറയുകയാണ് തിയറ്റർ ഉടമകൾ. ജനം തിയറ്ററിലെത്തുന്നുവെന്നും ഹൗസ് ഫുൾ ബോർഡുകൾ വീണ്ടും ഇടം പിടിച്ചെന്നും അവർ വ്യക്തമാക്കുന്നു.

ഈ സന്തോഷം അറിയിക്കാൻ മമ്മൂട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന റോബർട്ട് കുര്യാക്കോസിന് പള്ളിക്കത്തോട്ടിലെ അ‍‌ഞ്ചാനി സിനിമാസിന്റെ ഉടമ ജിജി അഞ്ചാനിയുടെ സന്ദേശ‌വും ആ വാക്കുകളിലെ ആവേശവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തീയറ്ററുകാരുടെ ജീവിതം തിരികെ തന്നതിന് മമ്മൂട്ടിയോട് നന്ദി പറയണം എന്നാവശ്യപ്പെട്ടാണ് ഉടമയുടെ സന്ദേശം. ഓഡിയോ കേള്‍ക്കാം:

നിർമാതാവ് ആന്റോ ആന്റണിയുടെ വാക്കുകൾ മുൻപ് വലിയ ചർച്ചയായിരുന്നു. ‘ഒടിടിയിൽ നിന്നും മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു, ‘മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ, നല്ല വില പറയുന്നുണ്ട് എന്ന്’ അപ്പോഴൊക്കെ മമ്മുക്ക പറയും, ‘നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷേ, നമ്മൾ ചെയ്യുന്നത് ശരിയാണോ ആന്റോ?’

അപ്പോൾ ഞാൻ ഒന്ന് പതറും.  ഒരു മാസം കഴിഞ്ഞ്  ടെൻഷൻ അടിച്ചു ഞാൻ വീണ്ടും ചോദിക്കും. അപ്പോൾ മമ്മുക്ക പറയും, ‘നീ പേടിക്കാതെ, ഞാൻ കൂടെ ഉണ്ടല്ലോ? പ്രേക്ഷകർ ഈ ചിത്രം തിയറ്ററിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്യേണ്ടത് ആ കാഴ്ചാനുഭവം നൽകുന്ന സിനിമകളാണ്. ഈ സിനിമയൊക്കെ തിയറ്റർ അനുഭവം വേണ്ട സിനിമയാണ്. മാത്രമല്ല പുതുമുഖ സംവിധായകനെ സംബന്ധിച്ചടത്തോളം അവനത് തിയറ്ററിൽ റിലീസ് ചെയ്യുന്നത് കാണാനാകും ആഗ്രഹം.’

അതിനു ശേഷം തിയറ്ററുകൾ വീണ്ടും തുറന്നു. ഞാൻ സിനിമയുടെ ഡേറ്റും അനൗൺസ് ചെയ്തു. പക്ഷേ അപ്പോഴും ആശങ്ക. കാരണം പല നല്ല സിനിമൾകക്കും സെക്കൻഡ്ഷോ ഇല്ലാത്തതിനാൽ കലക്‌ഷൻ ഇല്ല. ആളുകൾക്കു സിനിമയ്ക്കു വരാനും കഴിയുന്നില്ല. അങ്ങനെ അവസാനനിമിഷം റിലീസ് മാറ്റി. സിനിമയ്ക്കു കിട്ടുന്ന ലാഭത്തിനുപരി ചിത്രത്തിന്റെ മുടക്കുമുതൽ കിട്ടണം എന്നെനിക്ക് ഉണ്ടായിരുന്നു. അപ്പോഴും മമ്മൂക്ക പിന്തുണച്ചെത്തി. 

ഇത് തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് പറയുന്നതിന് മമ്മൂക്ക പറഞ്ഞൊരു കാരണമുണ്ട്. ‘നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, റെപ്രസെന്റേറ്റീവ്, തിയറ്റർ ഓപ്പറേറ്റേർസ്, കാന്റീൻകാരുണ്ട്, എന്തിനു ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാൽ ഓട്ടം കിട്ടുന്നതല്ലേ ? മാത്രമല്ല ഏറ്റവും വലിയ കാര്യം, അവന്റെ ആദ്യത്തെ പടമല്ലേ. അവന് ആഗ്രഹം കാണില്ലേ ജനങ്ങളെ തിയറ്ററിൽ കാണിക്കണം എന്ന്. സിനിമകൾ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. ആ റിസ്ക് നമ്മൾ എടുക്കണം. നീ ടെൻഷൻ അടിക്കേണ്ട. നിന്റെ കൂടെ ഞാനില്ലേ.’

മമ്മൂക്ക എനിക്കു തന്ന ഈ ധൈര്യത്തിലാണ് ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നത്. അല്ലെങ്കിൽ ഞാൻ മറിച്ചൊന്ന് ചിന്തിച്ചേനെ. ഇനി തിയറ്ററിൽ ആളുവന്നില്ലെങ്കിൽ പോലും ഞാനുണ്ട് കൂടെ എന്നു മമ്മൂക്ക പറഞ്ഞു. ഈ പുലി കൂടെ ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാനിത് തിയറ്ററിൽ എത്തിച്ചത്.’ അദ്ദേഹം പറഞ്ഞു.