845-shanthi-priya

നമുക്ക് ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന നല്ല ഹൃദയം ഉള്ള ആളെയാണ് വിജയപ്പിക്കേണ്ടതെന്നും ഇരട്ടചങ്ക് വേണ്ടെന്നും  ദൃശ്യം 2 ഫെയിം അഭിഭാഷക ശാന്തിപ്രിയ. കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ. അബ്ദുള്‍ ഗഫൂറിന് വേണ്ടി വോട്ട് അഭ്യർഥിക്കുമ്പോഴാണ് ശാന്തിപ്രിയ പിണറായി വിജയനെതിരെ പരോക്ഷ വിമർശനം ഉയർത്തിയത്. 

യുഡിഎഫ് സ്ഥാനാർഥി ഗഫൂറും മണ്ഡലത്തിലെ നിലവിലെ എംഎൽഎയും സ്ഥാനാർഥിയുടെ പിതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞും നടി പ്രസംഗിക്കുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്.‘നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള നമുക്ക് ആക്സസ് ചെയ്യാൻ പേടിയില്ലാത്ത ആളുകളെയാണ്, അല്ലേ?. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി,  കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുമ്പോൾ, നമ്മൾക്ക് അടുത്തേക്ക് പോകാന്‍ പറ്റുമോ? ഇല്ലാ... തീർച്ചയായും നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. ആ നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി.ഇ. ഗഫൂര്‍’.–ശാന്തിപ്രിയ പറഞ്ഞു. 

ദൃശ്യം 2വിൽ ജോർജുകുട്ടിയുടെ വക്കീലായ അഡ്വ. രേണുക എന്ന കഥാപാത്രത്തെയാണ് ശാന്തിപ്രിയ അവതരിപ്പിച്ചത്. മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം സിനിമയിലും ശാന്തിപ്രിയ അഭിനയിക്കുന്നുണ്ട്.

സിപിഐഎം നേതാവ് പി. രാജീവാണ് ഗഫൂറിന്റെ എതിര്‍ സ്ഥാനാര്‍ഥി. ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം അഴിമതികേസ് കളമശേരിയില്‍ ഇടത് മുന്നണി പ്രധാന പ്രചാരണ ആയുധമാക്കുമ്പോള്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് അബ്ദുല്‍ ഗഫൂര്‍ മറുപടി പറയുന്നത്.

English Summary: Drishyam 2's' Advocate Santhi Priya campaigning for V E Abdul Gafoor