സംഗീതസംവിധായകൻ രഞ്ജിൻ രാജ് അച്ഛനായി. ‘ജോസഫ്’ ചിത്രത്തിലെ പൂമുത്തോളേ നീയെരിഞ്ഞ... എന്ന വരികളായിരിക്കും രഞ്ജിന്റെ ചുണ്ടിൽ ആദ്യം വന്നിട്ടുണ്ടാകുക. നിരവധി അച്ഛൻമാർ തങ്ങളുടെ പൊന്നോമനകളെ പാടിയുറക്കിയ ഗാനം. അത് ഇനി രഞ്ജിൻ രാജിനും സ്വന്തം കുഞ്ഞിനു വേണ്ടി പാടാം.

 

ഭാര്യ ശിൽപയ്ക്കും കുഞ്ഞിനും ഒപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് രഞ്ജിൻ ശുഭവാർത്ത അറിയിച്ചത്. ‘അവൻ എത്തി’ എന്ന അടിക്കുറിപ്പോടെ മകനെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്നതിന്റെ ക്യൂട്ട് ചിത്രം രഞ്ജിൻ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് രഞ്ജിനും ശിൽപയ്ക്കും ആശംസകൾ നേർന്നു രംഗത്തെത്തിയത്. ശിൽപയുടെ വളക്കാപ്പ് ചിത്രങ്ങൾ രഞ്ജിൻ പങ്കുവച്ചിരുന്നു. 2013ലാണ് രഞ്ജിനും ശിൽപയും വിവാഹിതരായത്. 

 

ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജോസഫി’ലെ ‘പൂമുത്തോളെ’ എന്ന പാട്ടിലൂടെ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. സംഗീതസംവിധായകൻ ആകണം എന്നായിരുന്നു എക്കാലവും ആഗ്രഹിച്ചിരുന്നതെങ്കിലും സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ ഗായകനായിട്ടായിരുന്നു രഞ്ജിന്റെ തുടക്കം. പിന്നീട് 2013ൽ സംഗീതസംവിധാനരംഗത്തു ചുവടുവച്ചു. പരസ്യ ചിത്രങ്ങൾക്കു സംഗീതം നൽകിയായിരുന്നു തുടക്കം. ജോസഫിലെ പാട്ട് രഞ്ജിൻ രാജ് എന്ന സംഗീതജ്ഞനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തുകയായിരുന്നു. ‘നിത്യഹരിത നായകൻ’, ‘അല്‍ മല്ലു’, ‘ഓർമയിൽ ഒരു ശിശിരം’ തുടങ്ങി നിരവധി ചിത്രങ്ങൾക്കു രഞ്ജിൻ സംഗീതം ഒരുക്കിയിട്ടുണ്ട്.