മാലിക്ക് എന്ന സിനിമയിൽ ഏറെ ഇഷ്ടവും ബഹുമാനവും തോന്നിപ്പോകുന്ന കഥാപാത്രമാണ് സലീംകുമാർ അവതരിപ്പിച്ച മൂസാക്ക. കുറച്ച് സീനുകളിലേ ഉള്ളൂവെങ്കിലും ഹൃദ്യമായ അഭിനയത്തോടെ പതിവുപോലെ സലീംകുമാർ ഈ സീരിയസ് വേഷം ഗംഭീരമാക്കി. ഇതിനൊപ്പം മൂസാക്കയുടെ ചെറുപ്പത്തിലെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ചന്തുവാണ്. 

രൂപത്തിലും ഭാവത്തിലും സലീംകുമാറിന്റെ ചെറുപ്പഭാവത്തിൽ ചന്തുവെത്തി. മികച്ച തിരഞ്ഞെടുപ്പായിരുന്നു ആ കഥാപാത്രം എന്ന് പലരും വാഴ്ത്തിയിരുന്നു. എന്നാൽ അത് സലീംകുമറിന്റെ മകൻ തന്നെയായിരുന്നു എന്ന കാര്യം ഇപ്പോഴാണ് ചർച്ചയാകുന്നത്.മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിൽ ഫഹദ് ഫാസിലാണ് നായകൻ. ചിത്രം ഒ.ടി.ടിയിൽ വിജയപ്രദർശനം തുടരുകയാണ്. സിനിമയുടെ ബന്ധപ്പെട്ട വിവാദ ചർച്ചകളും പുരോഗമിക്കുകയാണ്.