കൊച്ചി: പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രജീവിതത്തിൽ മഹാനടൻ നെടുമുടി വേണുവിനു മറക്കാത്ത ഓർമകളേകിയ പ്രിയ നഗരമായിരുന്നു കൊച്ചി. ഇതൊക്കെയാണെങ്കിലും ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചു ചിത്രീകരിച്ച മമ്മ‌ൂട്ടി ചിത്രമായ ‘ബെസ്റ്റ് ആക്ടറിലെ’ ഡെൻവർ ആശാൻ എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെന്ന് ഓർക്കുകയാണു കൊച്ചിയിലെ ചലച്ചിത്ര പ്രവർത്തകർ. ‘കണ്ണൂര്, വിയ്യൂര്, തിരുവനന്തപുരം കേരളത്തിലെ മൂന്നു സെൻട്രൽ ജയിലും ഡെൻവറാശാന് തറവാടുപോലെയാണ്....’ എന്ന വിഖ്യാത ഡയലോഗ് കൊച്ചുകുട്ടികൾ പോലും ഓർത്തിരിക്കുന്നതാണ്.

 

മൂന്നു സെൻട്രൽ ജയിലുകളെക്കുറിച്ചു പറയുമ്പോൾ ഡെൻവർ ആശാനെന്ന കഥാപാത്രം കൈകൊണ്ടു കാണിക്കുന്നതു നാലു വിരലുകളാണെന്നതു നെടുമുടി വേണുവെന്ന പ്രതിഭയുടെ നർമബോധത്തിനു തെളിവ്. പ്രായമേറെയായിട്ടും വിരമിക്കാതെ രംഗത്തു പിടിച്ചുനിൽക്കുന്ന ഗുണ്ടാത്തലവനാണു രോഗങ്ങളലട്ടുന്ന ഡെൻവറാശാൻ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനോട് നെടുമുടി വേണു എപ്പോഴും ഈ കഥാപാത്രവും ഫോർട്ട് കൊച്ചിയെന്ന ലൊക്കെഷനും തന്നിലുണ്ടാക്കിയ ഇഷ്ടത്തെക്കുറിച്ചു പറയാറുണ്ടായിരുന്നു.

 

40 ദിവസത്തോളമാണു ഡെൻവറാശാനെ ജീവസ്സുറ്റതാക്കാൻ വേണു കൊച്ചിയിൽ താമസിച്ചത്. ‘ നമ്മടെ ഏരിയയിൽ കയറി വർക്ക് പിടിച്ചാൽ.....എട്ടിന്റെ പണി കൊടുക്കും നമ്മടെ പുള്ളങ്ങള്’ എന്ന ഡയലോഗിലൂടെ കൊച്ചി ഭാഷയിൽ തന്നെ ഡെൻവറാശാൻ ജീവിച്ചു. നെടുമുടി വേണുവിലെ പ്രതിഭയ്ക്കുള്ള അനേക ഉദാഹരണങ്ങളിലൊന്നായി.