പുരസ്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും ഒടുവില്‍ 'മിഡ്നൈറ്റ് റണ്‍' യൂട്യൂബില്‍. ദിലീഷ് പോത്തനെയും ചേതനെയും പ്രധാന കഥാപാത്രങ്ങളാക്കി രമ്യ രാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് യൂട്യൂബില്‍ കാഴ്ചയ്ക്കെത്തിയത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ത്രില്ലര്‍ ഹ്രസ്വചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ബി.ടി.അനില്‍കുമാറാണ്.
ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും മറ്റ് 25 ചലച്ചിത്രമേളകളിലുമായി നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരം നേടുകയും ചെയ്തിരുന്നു. 2018ല്‍ ഒടിടി പ്ലാറ്റ്ഫോം സൈന പ്ലേയിലൂടെ ഈ ഹ്രസ്വചിത്രം പുറത്തിറക്കിയിരുന്നു.
ഭയം എന്ന വികാരം എത്രത്തോളം മനുഷ്യനില്‍ സ്വാധീനം ചെലുത്താനാകുമെന്നതിന്‍റെ കലര്‍പ്പില്ലാത്ത കാഴ്ചയാണിത്. അതിനെ ധൈര്യം കൊണ്ട് മറികടക്കുന്നത് സ്വാഭാവികമായി കാണിക്കാന്‍ 14 മിനിറ്റില്‍ ഈ ഹ്രസ്വചിത്രത്തിന് സാധിച്ചു. രാത്രിയില്‍ ലോറിക്ക് കൈകാണിച്ച കുട്ടിക്ക് ഡ്രൈവര്‍ ലിഫ്റ്റ് കൊടുക്കുന്നതില്‍ തുടങ്ങി പിന്നീട് നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍.
അഭിനേതാക്കള്‍ മാത്രമല്ല, മലയാള സിനിമയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരും ഹ്രസ്വചിത്രത്തിന്‍റെ ഭാഗമാണ്. അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചെയ്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് എരിയലത്ത് നിര്‍മിച്ച മിഡ്നൈറ്റ് റണ്‍ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.